റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാർ; ചന്ദ്രയാൻ 3ന് മുമ്പ് ഇറങ്ങാനുള്ള ദൗത്യം പ്രതിസന്ധിയിൽ

റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകത്തിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ സാധിച്ചില്ലെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചിട്ടുള്ളത്.

മോസ്കോ സമയം ഉച്ചക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മുൻ നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് എത്താൻ പേടകത്തിന് സാധിച്ചില്ല. പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ കുറിച്ച് വിശകലനം ചെയ്യുകയാണെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് വെല്ലുവിളി ഉയർത്തിയാണ് ചാന്ദ്രാപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം ആഗസ്റ്റ് 11ന് വിക്ഷേപിച്ചത്. 47 വർഷത്തിന് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി വീണ്ടും സജീവമാകുന്നത്.

കരുത്തുറ്റ സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ട് ലൂണ-25നെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചു. തുടർന്ന് ചന്ദ്രനെ വലംവെക്കുന്ന പേടകത്തിലെ റോവർ ഉൾപ്പെടുന്ന ലാൻഡർ ആഗസ്റ്റ് 21നോ 22നോ സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു പദ്ധതി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനാണ് റഷ്യയുടെ ശ്രമം.

ഇന്ത്യയുടെ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്താൻ തയാറെടുക്കുന്ന ആഗസ്റ്റ് 23ന് മുമ്പായി ചന്ദ്രനിൽ ഇറങ്ങി ചരിത്രം കുറിക്കാനാണ് റഷ്യ ലക്ഷ്യമിട്ടത്. ചന്ദ്രയാൻ ഇറങ്ങാൻ തീരുമാനിച്ച സ്ഥലത്തിന് കിലോമീറ്റർ മാത്രം അകലെയായിരിക്കും ലൂണ ഇറങ്ങുക.

800 കിലോഗ്രാം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രന്‍റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്തുകയാണ് റഷ്യൻ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങൾക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ട്.

അതേസമയം, ആഗസ്റ്റ് 17ന് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ പ്രൊപ്പൽഷൻ മെഡ്യൂളിൽ നിന്ന് വേർപ്പെട്ട  ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള തയാറെടുപ്പിലാണ്. ഇതിനായി ചന്ദ്രന്‍റെ 30 കിലോമീറ്റർ അടുത്തേക്ക് ഭ്രമണപഥം താഴ്ത്തേണ്ടതുണ്ട്. ആഗസ്റ്റ് 23നാണ് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ്.

സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. 1976ലാണ് ഏറ്റവും ഒടുവിൽ സോവിയറ്റ് യൂണിയൻ ചാന്ദ്രദൗത്യം നടത്തിയത്.

Tags:    
News Summary - Russian Luna-25 suffers 'emergency situation' above Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.