ദുബൈ: നാസയുടെ ചരിത്രപരമായ ബഹിരാകാശ ദൗത്യ സംഘത്തിന്റെ ലോഗോയിൽ ഇടംനേടി ഇമാറാത്തി ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയുടെ പേരും. നാസ ക്രൂ-6 മിഷന്റെ പാച്ചിൽ കുറിച്ച അറബിയിലെ തന്റെ നാമം അൽ നിയാദി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഡ്രാഗൺ ദൗത്യം എന്ന് വിളിക്കപ്പെടുന്ന മിഷന്റെ ബാഡ്ജിൽ 'ഡ്രാഗൺ' ആകൃതിയിലുള്ള കപ്പലിന്റെ ചിത്രവും ചുറ്റും ബഹിരാകാശ യാത്രികരുടെ പേരുമാണുള്ളത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ആറു മാസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. മറ്റ് ക്രൂ അംഗങ്ങളായ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വില്യം ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രി ഫെഡ്യേവ് എന്നിവരുടെ പേരും ലോഗോയിൽ അച്ചടിച്ചിട്ടുണ്ട്. ഇതിൽ റഷ്യൻ യാത്രികന്റെ നാമം റഷ്യൻ ഭാഷയിലാണ്. മറ്റു രണ്ടുപേരുടെയും നാമം ഇംഗ്ലീഷിലാണ് ചേർത്തത്.
ആറ് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനാണ് സംഘം പുറപ്പെടുന്നത്. ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പോകുന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയായി അൽനിയാദി ഇതോടെ മാറും. നേരത്തെ എട്ടു ദിവസത്തെ ദൗത്യത്തിനായി 2019ൽ യു.എ.ഇയുടെ ഹസ്സ അൽമൻസൂരി ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നു. നാസ കൊമേഴ്സ്യൽ ക്രൂവിന്റെ ആറാമത്തെ ക്രൂസ് ഓപറേഷൻ ഫ്ലൈറ്റായ സ്പേസ് എക്സ് ക്രൂ-6ലാണ് സംഘം പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.