ശ്രീഹരിക്കോട്ട: ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുല്‍ കോസ്‌മോസ് തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നിബാന്‍ സോർട്ടഡ് (സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍) റോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ ആദ്യ സ്വകാര്യ വിക്ഷേപണത്തറയായ എ.എല്‍.പി ഒന്നിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്.
അഗ്നികുല്‍ കോസ്‌മോസിന്‍റെ നേട്ടത്തെ അഭിനന്ദിച്ച ഐ.എസ്.ആർ.ഒ, പ്രധാന നാഴികക്കല്ലെന്ന് എക്സിൽ കുറിച്ചു.
ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എൻജിനായ അഗ്‌നിലെറ്റ് എൻജിന്‍റെ പരീക്ഷണമാണ് വിക്ഷേപണ ദൗത്യം. അഗ്‌നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ സിംഗിൾ സ്റ്റേജ് പരീക്ഷണ റോക്കറ്റാണ്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഓക്സിജന്‍ അടിസ്ഥാനമാക്കിയുള്ളതാണ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം.
300 കിലോഗ്രം ഭാരമുള്ള പേലോഡിനെ 700 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ റോക്കറ്റിന് സാധിക്കും. 6.2 മീറ്റര്‍ ഉയരമാണ് റോക്കറ്റിനുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ എഥര്‍നെറ്റ് അധിഷ്ഠിത ഏവിയോമിക് ആര്‍കിടെക്ചറും തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് റോക്കറ്റ് നിർമിച്ചത്. സബ് കൂള്‍ഡ് ലിക്വിഡ് ഓക്‌സിജനും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലും ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റില്‍ നാല് കാര്‍ബണ്‍ കോമ്പോസിറ്റ് ഫിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
രണ്ടാം തവണയാണ് ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തുന്നത്. സ്കൈറൂട്ട് എയ്റോ സ്പേസ് ആണ് റോക്കറ്റ് പരീക്ഷണം നടത്തിയ രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനി. 2017ല്‍ എയറോസ്പേസ് എന്‍ജിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം. മോയിനും ചേര്‍ന്ന് ചെന്നൈ ഐ.ഐ.ടിക്ക് കീഴിൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് സംരംഭമാണ് അഗ്നികുല്‍ കോസ്‌മോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.