ന്യൂയോർക്: ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി സ്‌പേസ് എക്‌സ്. പൊളാരിസ് ഡോൺ ദൗത്യം പൂർത്തിയാക്കിയ യാത്രികർ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്നാണ് നാസ പ്രശംസിച്ചത്. അമേരിക്കൻ കോടീശ്വര വ്യവസായിയായ ജാരെഡ് ഐസാക്മാന് (41), സ്പെയ്സ്എക്സ് എൻജിനിയർമാരായ അന്നാ മേനോൻ, സാറാ ഗിലിസ്,വിരമിച്ച എയർഫോഴ്‌സ് പൈലറ്റായ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യൻ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്.
ബഹിരാകാശ ഗവേഷകരല്ലാത്ത വ്യക്തികൾ നടത്തുന്ന ബഹിരാകാശ യാത്രയെന്ന പ്രത്യേകതയും പൊളാരിസ് ദൗത്യത്തിനുണ്ട്. ഇതിനുള്ള പണം മുഴുവൻ ചെലവാക്കിയത് ‘ഷിഫ്റ്റ് 4 പേമെന്റ്’ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാരെഡ് ഐസാക്മാനാണ്. എത്ര തുകയാണ് ഇദ്ദേഹം ചെലവിട്ടതെന്ന് പുറത്തുവന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങൾ ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് കടന്നുവന്നതിന് ശേഷമുള്ള നിർണായക ചുവടുവെപ്പാണ് ദൗത്യത്തിലൂടെ യാഥാർഥ്യമായിരിക്കുന്നത്.
ഐസാക്മാനും സാറാ ഗില്ലിസിനുമൊപ്പം സ്കോട്ട് പൊറ്റീറ്റ്, അന്നാ മേനോന് എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഭൂമിയിൽനിന്നു പുറപ്പെട്ട ഡ്രാഗൺ ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റർ ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. പിന്നാലെ ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തിൽനിന്ന് പുറത്തിറങ്ങിയത്. പിറകെ സാറാ ഗില്ലിസ് ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി. രണ്ടുപേരും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് ചെലവഴിച്ചു. ഇതിനായുള്ള തയാറെടുപ്പെല്ലാംകൂടി ചേരുമ്പോൾ ഒരു മണിക്കൂർ 46 മിനിറ്റ് കൊണ്ട് നടത്തം പൂർത്തിയായി.
ജാരെഡ് ഐസാക്മാന്, സാറാ ഗില്ലിസ് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് സെപ്റ്റംബർ 10 ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് പൊളാരിസ് പേടകം കുതിച്ചത്. മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് വ്യാഴാഴ്ച ദൗത്യസംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.