അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) കുടുങ്ങിപ്പോയ ഇന്ത്യൻ വംശജയായ യാത്രിക സുനിത വില്യംസിന് ഇനിയും കാത്തിരിക്കണം. സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും ഐ.എസ്.എസിലെത്തിയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകം ഹീലിയം ചോർച്ചയെ തുടർന്ന് കേടായിക്കിടക്കുകയാണ്. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെടുകയും ചെയ്തു. സാധാരണ ഒന്നര മാസം വരെയൊക്കെയാണ് ഇത്തരം വാഹനങ്ങൾക്ക് അവിടെ നിൽക്കാൻ സാധിക്കുകയുള്ളൂ; സ്വാഭാവികമായും അതിലെ യാത്രികർക്കും. എന്നാൽ, ആ ദിവസപരിധിക്കുള്ളിലും കാര്യങ്ങൾ ശരിയാകില്ലെന്ന സൂചനയാണ് നാസ വൃത്തങ്ങൾ നൽകുന്നത്. സുനിത 90 ദിവസം വരെയെങ്കിലും സ്പേസിൽ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, സുനിതയെ സ്റ്റേഷനിലെത്തിച്ച ബോയിങ് കമ്പനിക്കും അവരുടെ സ്റ്റാർലൈനർ ദൗത്യങ്ങൾക്കും വലിയ തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ. നേരത്തെ, സ്വന്തം പേടകത്തിലായിരുന്നു നാസ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ചിരുന്നത്. പിന്നീട്, ചെലവു ചുരുക്കലിന്റെ ഭാഗമായി സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസികളെ ഏൽപിക്കുകയായിരുന്നു. അങ്ങനെയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് പോലുള്ള സംഘങ്ങൾ നാസയുടെ ഭാഗമാകുന്നത്. ആ നിരയിൽ ഏറ്റവും പുതിയതാണ് സ്റ്റാർലൈനർ. എന്നാൽ, കന്നിയാത്ര തന്നെ പിഴച്ചതോടെ തുടർന്ന് നാസ അവർക്ക് അവസരം നൽകുമോ എന്ന് സംശയമാണ്. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ 2020 മുതൽ നാസക്കുവേണ്ടി നിലയത്തിലേക്ക് ആളെ അയക്കുന്നുണ്ട്. ചില ഘട്ടങ്ങളിലൊഴികെ ഏറെ കൃത്യതയോടെ ഡ്രാഗൺ പ്രവർത്തിക്കുന്നുണ്ട്. സ്വാഭാവികമായും പുതിയ സാഹചര്യത്തിൽ ഇവർക്ക് നാസ കൂടുതൽ അവസരം നൽകിയേക്കും. എന്നല്ല, സുനിതയെ ഭൂമിയിലെത്തിക്കാൻ നാസ ക്രൂ ഡ്രാഗൺ അയക്കുമെന്നും റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. അത് സംഭവിച്ചുകഴിഞ്ഞാൽ സ്റ്റാർലൈനറിന്റെ കാര്യം കഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.