ചരിത്രമെഴുതി സ്‌​പേ​സ് എ​ക്‌​സിന്‍റെ സ്റ്റാ​ര്‍ഷി​പ്പ്; റോ​ക്ക​റ്റിന്‍റെ ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരിച്ചിറക്കി

ടെക്സാസ്: സ്‌​പേ​സ് എ​ക്‌​സ് നി​ര്‍മി​ച്ച ക്രൂവില്ലാത്ത കൂ​റ്റ​ന്‍ റോ​ക്ക​റ്റായ സ്റ്റാ​ര്‍ഷി​പ്പി​ന്‍റെ പരീക്ഷണ വിക്ഷേപണം സമ്പൂർണ വിജയം. സ്റ്റാർഷിപ്പിന്‍റെ അഞ്ചാം പരീക്ഷണ വിക്ഷേപണമാണ് ടെക്സാസിലെ സ്‌​പേ​സ് എ​ക്‌​സിന്‍റെ സ്റ്റാർബേസിൽ നടന്നത്.

വിക്ഷേപണത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം റോക്കറ്റിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചു. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി ലോഞ്ച് പാഡിൽ തിരിച്ചിറക്കി. അതേടൊപ്പം, റോക്കറ്റിന്‍റെ രണ്ടാം ഭാഗം ബഹിരാകാശ യാത്രക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു.

വിക്ഷേപണത്തറയിൽ ഘടിപ്പിച്ച റോബോട്ടിക് ആയുധങ്ങൾ (ചോപ്സ്റ്റിക്) ഉപയോഗിച്ചാണ് 232 അടി ഉയരമുള്ള ബൂസ്റ്റർ റോക്കറ്റ് പിടിച്ചെടുത്തത്. ഭീമൻ റോക്കറ്റിന്‍റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ആദ്യമായാണ്.

ലോകത്തിലെ ഏറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമാണ് ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌​പേ​സ് എ​ക്‌​സിന്‍റെ സ്റ്റാർഷിപ്പ് റോക്കറ്റ്. സ്റ്റാ​ര്‍ഷി​പ്പിന്‍റെ മുൻ പരീക്ഷണ വിക്ഷേപണങ്ങൾ സമ്പൂർണ വിജയം നേടിയിരുന്നില്ല. ​സ്റ്റാ​ര്‍ഷി​പ്പിന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുകയും റോക്കറ്റിന്‍റെ രണ്ട് ഭാഗങ്ങളുടെ വേ‌‌ർപ്പെടൽ നടക്കുകയും ചെയ്തെങ്കിലും തിരിച്ച് ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് രണ്ട് ഭാഗങ്ങളും പൊട്ടിത്തെറിക്കുകയായിരുന്നു.

ഭാവിയിലെ ചാന്ദ്ര, ചൊവ്വ ഗ്രഹാന്തര ദൗത്യങ്ങളിൽ ഉപയോഗിക്കാൻ പോകുന്ന റോക്കറ്റാണിത്. ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്കും പുറത്തേക്കും കൊണ്ടു പോകുന്നതിനായി വികസിപ്പിച്ചെടുത്ത കൂറ്റന്‍ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്.

ആളില്ലാത്ത പരീക്ഷണ വിക്ഷേപണങ്ങൾ വിജയിച്ചാൽ മനുഷ്യരെ കൊണ്ടു പോകാനാണ് സ്‌​പേ​സ് എ​ക്‌​സിന്‍റെ പദ്ധതി. പൂർണമായി പുനരുപയോഗിക്കാവുന്ന വിധത്തിലാണ് സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ നിർമിതി.

Tags:    
News Summary - Starship splashes down in Indian Ocean, chopsticks grab Super Heavy rocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.