ബഹിരാകാശത്താണെങ്കിലും വിശേഷങ്ങൾ കൃത്യമായി ലോകത്തെ അറിയിക്കാന്‍ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും മറക്കാറില്ല. ഇപ്പോഴിതാ മറ്റൊരു വമ്പൻ പരീക്ഷണത്തിന്റെ വിശേഷവുമായെത്തിയിരിക്കുകയാണ് സുനിത വില്യംസ്. ബഹിരാകാശ നിലയത്തില്‍ ലെറ്റ്യൂസ് വളര്‍ത്തല്‍. എന്നാല്‍, ഭക്ഷണത്തിന് വേണ്ടിയുള്ള പച്ചക്കറി വളര്‍ത്തല്‍ എന്ന് കരുതാന്‍ വരട്ടെ.
ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ സസ്യത്തിന്റെ വളര്‍ച്ച നിരീക്ഷിക്കാനാണ് സുനിത വില്യംസിന്റെ ഈ വ്യത്യസ്ത പരീക്ഷണം. മാത്രമല്ല അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവിലുണ്ടാവുന്ന വ്യതിയാനം സസ്യവളര്‍ച്ചയേയും, അതിന്റെ പോഷകമൂല്യത്തേയും എത്രമാത്രം സ്വാധീനിക്കുന്നുവെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. ഭാവിയിലെ ബഹിരാകാശ പദ്ധതികള്‍ക്കും ഭൂമിയിലെതന്നെ കാര്‍ഷികരംഗത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് പരീക്ഷണം. ഭൂമിയില്‍ ജലലഭ്യത കുറഞ്ഞ പ്രദേശത്തെ കൃഷിരീതികളിലുള്ള മാറ്റമടക്കം നിരവധികാര്യങ്ങള്‍ പരീക്ഷിക്കാനും പുതിയ പരീക്ഷണഫലം സഹായകമായേക്കും.
മുമ്പ് പലതവണ ബഹിരാകാശദൗത്യത്തിനായി പോയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായാണ് ഇത്തവണ സുനിത വില്യംസിന് ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ഥം എട്ട് ദിവസത്തെ ദൗത്യത്തിനായി ഇക്കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
എന്നാല്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണം തിരിച്ചുവരവ് എട്ട് മാസത്തേക്ക് നീട്ടുകയായിരുന്നു. ഇതോടെ സ്റ്റാര്‍ലൈനര്‍ മനുഷ്യ യാത്രക്ക് യോഗ്യമല്ലെന്ന് നാസ പ്രഖ്യാപിക്കുകയും ചെയ്തു. 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സ് ഡ്രാഗണ്‍ കാപ്സ്യൂളില്‍ ഇരുവരേയും തിരികെ എത്തിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തെരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്പേസ് എക്സും.
ബഹിരാകാശത്ത് ദീര്‍ഘകാലം താമസിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് നാസ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സുനിത വില്യംസ് ഭാരക്കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു നാസയുടെ പ്രസ്താവന. ബഹിരാകാശത്ത് മൊത്തം 322 ദിവസങ്ങള്‍ ചെലവഴിച്ച സുനിത വില്യംസ് ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്രകള്‍ നടത്തിയ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.