'നീരാളികൾ ലോകം ഭരിക്കും'; മനുഷ്യന് വംശനാശം സംഭവിച്ചാൽ ലോകം ഭരിക്കുക നീരാളികളാകുമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ, കാരണങ്ങൾ ഇവ

നുഷ്യന് വംശനാശം സംഭവിക്കുമോയെന്നത് കൃത്യമായ ഉത്തരമില്ലാത്തൊരു ചോദ്യമാണ്. എന്നാൽ, ദിനോസറുകൾ പോലെ ഒരുകാലത്ത് ഭൂമിയിൽ മേധാവിത്വം പുലർത്തിയ ജീവിവർഗങ്ങൾക്ക് വംശനാശം സംഭവിച്ചതിന്‍റെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നെങ്കിലും മനുഷ്യന് വംശനാശം സംഭവിക്കുകയാണെങ്കിൽ പിന്നെ ഏത് ജീവിവർഗമായിരിക്കും ലോകം ഭരിക്കുക? ആ ചോദ്യത്തിന് പ്രമുഖ ജന്തുശാസ്ത്രജ്ഞനും ഓക്സ്ഫോഡ് സർവകലാശാല പ്രഫസറുമായ ടിം കോൾസൺ നൽകിയിരിക്കുന്ന ഉത്തരം 'നീരാളികൾ' എന്നാണ്. എന്തുകൊണ്ടാണ് മനുഷ്യൻ ഇല്ലാതായാൽ നീരാളികൾ ഭരിക്കുന്ന ഒരു ലോകം വരുമെന്ന് താൻ പ്രവചിക്കുന്നതെന്നതിന് കൃത്യമായ വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്. ദ യൂറോപ്യൻ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിഗമനങ്ങൾ പങ്കുവെച്ചത്.

ബുദ്ധിശക്തിയും വിഭവശേഷിയുമേറിയ ജീവിവർഗമാണ് കടൽജീവിയായ നീരാളിയെന്ന് പ്രഫസർ ടിം കോൾസൺ ചൂണ്ടിക്കാട്ടുന്നു. അവക്ക് ഭൂമിയിലെ മേധാവിത്വമുള്ള ജീവിവർഗമായി പരിണമിച്ചുവരാനുള്ള എല്ലാ ഘടകങ്ങളുമുണ്ട്. ബുദ്ധിശക്തിയും ശേഷിയേറിയ കാലുകളും അനുകൂല ഘടകങ്ങളാണ്. 'നീരാളികൾ ലോകത്തെ ബുദ്ധികൂടിയതും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നതും വിഭവസമൃദ്ധവുമായ ജീവികളിൽ ഒന്നാണ്. സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും വസ്തുക്കളെ കൈകാര്യം ചെയ്യാനും വളരെ കൃത്യതയോടെ സ്വയം മറഞ്ഞിരിക്കാനുമുള്ള കഴിവുകളുണ്ട്' -അദ്ദേഹം പറയുന്നു.

വെള്ളത്തിനടിയിൽ നീരാളികൾ കോളനികൾ സൃഷ്ടിക്കുമെന്നും മനുഷ്യൻ സൃഷ്ടിച്ചതുപോലെയുള്ള നാഗരികതകൾ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. ഇതിനുള്ള ശാരീരിക, മാനസിക ഗുണങ്ങൾ നീരാളിക്കുണ്ട്. അത് അത്യാധുനിക നീരാളി സമൂഹങ്ങൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. നീരാളികളുടെ നാഡീഘടന, വികേന്ദ്രീകൃതമായ നാഡീവ്യവസ്ഥ, പ്രശ്നപരിഹാര ശേഷി എന്നിവ പ്രവചനാതീതമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് സഹായകമാകും -നീരാളികളുടെ പരിണാമ സാധ്യതകൾ പ്രഫസർ ചൂണ്ടിക്കാട്ടുന്നു.

സമുദ്രജീവികളായ നീരാളികൾക്ക് ലോകം മുഴുവൻ അടക്കിവാഴാൻ കഴിയുമോയെന്ന ചോദ്യത്തിന് പ്രഫസർ ടിം കോൾസണിന് ഉത്തരമുണ്ട്. മനുഷ്യൻ ഇല്ലാതായാൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് നീരാളികൾ പരിണമിച്ച് കരയിലേക്ക് കയറും. ഇപ്പോൾ 30 മിനുട്ടോളം കരയിൽ അതിജീവിക്കാനുള്ള ശേഷി നീരാളികൾക്കുണ്ട്. ഭാവിയിൽ കരയിൽ കൂടുതൽ നേരം നിലനിൽക്കാനുള്ള ശ്വസന ഉപകരണങ്ങൾ നീരാളികൾ വികസിപ്പിച്ചേക്കാം. കരയിൽ ഇരതേടാനും നീരാളികൾക്ക് ശേഷി കൈവരും -അദ്ദേഹം പറയുന്നു.

 

മനുഷ്യന് വംശനാശം സംഭവിക്കുകയാണെങ്കിൽ സസ്തിനികളായ മറ്റേതെങ്കിലും ജീവിവർഗങ്ങളാകും സ്വാഭാവികമായും ഭൂമിയിൽ ആധിപത്യം നേടുകയെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ, ഇതിനെ നിരാകരിക്കുന്നതാണ് ടിം കോൾസന്‍റെ കാഴ്ചപ്പാടുകൾ. എന്തെങ്കിലും കാരണത്താൽ മനുഷ്യന് വംശനാശം സംഭവിക്കുകയാണെങ്കിൽ അതേ കാരണത്താൽ മറ്റ് സസ്തിനികൾക്കും കുരങ്ങുവർഗങ്ങൾ ഉൾപ്പെടുന്ന പ്രൈമേറ്റുകൾക്കും വംശനാശം സംഭവിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതാണ് നീരാളികളുടെ ആധിപത്യത്തിന് വഴിയൊരുക്കുക. 'നീരാളികൾക്ക് വൈദഗ്ധ്യം, ജിജ്ഞാസ, പരസ്പരം ആശയവിനിമയം നടത്താനുള്ള കഴിവ് എന്നിവയുടെ സവിശേഷമായ സംയോജനമുണ്ട്. ഇത് അവയെ ഭൂമിയിൽ ആധിപത്യം നേടാൻ സാധ്യതയുള്ള ജീവിവർഗങ്ങളിൽ ഏറ്റവും മുന്നിൽ നിർത്തുന്നുണ്ട്' -ടിം കോൾസൺ പറയുന്നു. 

Tags:    
News Summary - Octopuses will rule the world after human extinction, scientist claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.