തിരുവനന്തപുരം: 2035ൽ സ്പേസ് സ്റ്റേഷൻ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. അതിന് മുന്നോടിയായാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾ. ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ നിർമിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എസ്. സോമനാഥ് പറഞ്ഞു.
ഗഗൻയാൻ ദൗത്യം തുടക്കം മാത്രമാണ്. ക്രൂ മൊഡ്യൂൾ പരീക്ഷണ വിക്ഷേപണം വിജയമായിരുന്നു. ആളില്ലാ പരീക്ഷണത്തിൽ സ്ത്രീ ഹ്യൂമനോയ്ഡും ഉണ്ടാകും. കൂടുതൽ വനിത പൈലറ്റുമാരെ ആവശ്യമാണെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വ്യക്തമാക്കി.
ഒക്ടോബർ 21ന് ഗഗൻയാൻ ദൗത്യത്തിന്‍റെ ഭാഗമായുള്ള ക്രൂ മൊഡ്യൂൾ പരീക്ഷണ വിക്ഷേപണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഗഗൻയാൻ ദൗത്യം പരാജയപ്പെട്ടാലും യാത്രികരെ സുരക്ഷിതരായി ഭൂമിയിലെത്തിക്കാനുള്ള ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) പരീക്ഷണമാണ് നടത്തിയത്.
റോക്കറ്റിന്‍റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്താമെന്നായിരുന്നു പരീക്ഷണം. ഇതിനായി വികസിപ്പിച്ചെടുത്ത സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടി.വി.ഡി1. ക്രൂ മൊഡ്യൂൾ (സി.എം), ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) എന്നിവയാണ് റോക്കറ്റിന്‍റെ പ്രധാന ഭാഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.