മഞ്ഞുപുതപ്പിനുള്ളിൽ ആറ് കോടി മത്സ്യക്കൂടുകൾ; ലോകത്തെ അമ്പരപ്പിച്ച് വെഡ്ഡെൽ കടലിലെ മഞ്ഞുമത്സ്യക്കോളനി

ന്‍റാർട്ടിക്കയിലെ തണുത്തുറഞ്ഞ വെഡ്ഡെൽ കടലിൽ മഞ്ഞുപാളികളെ വകഞ്ഞുമാറ്റി കപ്പലിൽ സഞ്ചരിക്കുകയായിരുന്നു ഒരു കൂട്ടം ഗവേഷകർ. കടലിന്‍റെ ഉപരിതലത്തിലെയും അടിത്തട്ടിലെയും വെള്ളത്തിന്‍റെ രാസ സവിശേഷതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം. കടലിനടിയിലേക്ക് കാമറ കെട്ടിത്താഴ്ത്തി നിരീക്ഷണം നടത്തിക്കൊണ്ടാണ് ഇവർ മുന്നോട്ടുപോയത്. ആൽഫ്രഡ് വെഗ്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓട്ടൻ പർസറിന്‍റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

കപ്പൽ മുന്നോട്ടുനീങ്ങുന്നതിനിടെ ഫിൽക്നർ മഞ്ഞുപാളി പ്രദേശത്തിനടിയിൽ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് ഇവർ അമ്പരന്നു. മഞ്ഞുപാളിക്കടിയിലെ കടലിൽ വൃത്താകൃതിയിലുള്ള മത്സ്യക്കൂടുകൾ. അവക്ക് കാവലായി നിലകൊള്ളുന്ന മത്സ്യങ്ങൾ. ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന് കൂടുകൾ. അരമണിക്കൂറിലേറെ നേരം കാമറയിൽ പതിഞ്ഞത് തുടർച്ചയായ മത്സ്യക്കൂടുകൾ മാത്രമായിരുന്നു. ഏതാണ്ട് ആറ് കോടിയോളം മത്സ്യക്കൂടുകൾ മേഖലയിലുണ്ടെന്നാണ് കണക്കാക്കുന്നത്.




 

കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ മത്സ്യക്കോളനിയാണ് ഇത്. മഞ്ഞുമത്സ്യം (Ice fish) ആണ് ലണ്ടൻ നഗരത്തിന്‍റെ മൂന്നിലൊന്ന് വലിപ്പത്തിലുള്ള ഈ കോളനി സൃഷ്ടിച്ചിരിക്കുന്നത്. മഞ്ഞുമത്സ്യം മേഖലയിൽ സാധാരണയാണെങ്കിലും നേരത്തെ 60 കൂടുകളുള്ള കോളനിയാണ് കണ്ടെത്തിയിരുന്നത്. ഇപ്പോൾ 240 ചതുരശ്ര കിലോമീറ്ററിൽ ആറ് കോടി കൂടുകളുള്ള കോളനി കണ്ടെത്തിയതിന്‍റെ അമ്പരപ്പിലായിരുന്നു ഗവേഷകർ. 2021 ഫെബ്രുവരിയിലെ കണ്ടെത്തലിനെ കുറിച്ച് കറന്‍റ് ബയോളജി ശാസ്ത്രജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.


തണുത്തുറഞ്ഞ തെക്കൻ സമുദ്രങ്ങളിൽ കാണുന്ന മഞ്ഞുമത്സ്യങ്ങളാണിവിടെയുള്ളത്. എന്നാൽ ഇത്രയധികം മത്സ്യങ്ങൾ കൂടൊരുക്കാനും പ്രജനനത്തിനും വേണ്ടി ഇവിടെയെത്തുന്നത് എന്തിനാണെന്ന കാര്യം വ്യക്തമായിട്ടില്ല. മത്സ്യങ്ങൾ ഭക്ഷിക്കുന്ന പ്ലാങ്ടണുകളുടെ സാന്നിധ്യം കൂടിയതുമൂലമാകാം.



(അന്‍റാർട്ടിക്കയിലെ തണുത്തുറഞ്ഞ വെഡ്ഡെൽ കടൽ)

 

ഒരടിയോളം വ്യാസത്തിൽ വൃത്താകൃതിയിലാണ് കൂടുകൾ കണ്ടത്. ഓരോന്നിലും നൂറുകണക്കിന് മുട്ടകളുമുണ്ട്. പല കൂടുകൾക്കും വലിയ മഞ്ഞുമത്സ്യങ്ങൾ കാവലിരിക്കുന്നുണ്ടായിരുന്നു. രക്തത്തിൽ ഹീമോഗ്ലോബിനില്ലാത്ത മത്സ്യങ്ങളാണ് മഞ്ഞുമത്സ്യങ്ങൾ. 


Tags:    
News Summary - The largest group of nesting fish ever found lives beneath Antarctic ice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.