ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് വാഹനമായ പ്രഗ്യാൻ റോവറിലെ മറ്റൊരു ഉപകരണംകൂടി സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തിലെ രാസപദാർഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച് പഠിക്കുന്ന ആൽഫ പാർട്ടിക്ൾ എക്സ്-റേ സ്പെക്ട്രോമീറ്റർ (എ.പി.എക്സ്.എസ്) ആണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പിച്ചത്.
അതേസമയം, വിക്രം ലാൻഡർ നിൽക്കുന്ന പ്രതലത്തിലെ പ്രകമ്പനങ്ങൾ അളക്കാനും പ്രതലത്തിന്റെ മേൽഭാഗം ചിത്രീകരിക്കാനും ലക്ഷ്യമിട്ട ഉപകരണമായ ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ഇൽസ) ചന്ദ്രനിൽ പ്രകമ്പനം നടന്നതായി രേഖപ്പെടുത്തി. റോവർ സഞ്ചരിക്കുമ്പോൾ ചാന്ദ്ര പ്രതലത്തിലുണ്ടാകുന്ന നേരിയ ഇളക്കങ്ങൾ പ്രത്യേകം ഇൽസ രേഖപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെയാണ് മറ്റൊരു പ്രകമ്പനം രേഖപ്പെടുത്തിയത്.
ആഗസ്റ്റ് 26ന് നടന്ന ഈ പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ല. ഭൂമിയിലേതിന് സമാനമായി ചന്ദ്രനിലും സ്വയം പ്രകമ്പനങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണോ അതോ ബാഹ്യ സമ്മർദത്താൽ സംഭവിക്കുന്നതാണോ തുടങ്ങിയവ സംബന്ധിച്ച് ഐ.എസ്.ആർ.ഒ കൂടുതൽ വിശകലനം ചെയ്തുവരുകയാണ്. മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റം (എം.ഇ.എം.എസ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രനിൽ പ്രവർത്തിക്കുന്ന ആദ്യ പരീക്ഷണ ഉപകരണമാണ് ഇൽസ.
പ്ലാസ്മ സാന്ദ്രതയും അതിലെ മാറ്റങ്ങളും കണ്ടെത്താൻ രൂപകല്പന ചെയ്ത റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപർ സെൻസിറ്റിവ് ലോണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ- ലാങ്മുയിർ പ്രോബ് അഥവാ രംഭ -എൽ.പിയിൽനിന്നുള്ള ആദ്യ വിവരങ്ങളും പുറത്തുവന്നു. ദക്ഷിണ ധ്രുവത്തിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് ആദ്യ നിഗമനം.
അതേസമയം, ചന്ദ്രോപരിതലത്തിൽ റോവർ സഞ്ചരിക്കുന്നതിന്റെ ലാൻഡറിലെ കാമറയിൽനിന്നുള്ള വിഡിയോ ദൃശ്യം ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ചാന്ദ്രപ്രതലത്തിലെ ഗർത്തത്തിന് മുന്നിൽ റോവർ എത്തി വഴി തിരിയുന്നതിന്റെ വിഡിയോ ദൃശ്യമാണിത്. ‘ചന്ദ്രനിൽ ഓടിക്കളിക്കുന്ന കുട്ടിയും വാത്സല്യത്തോടെ നോക്കിനിൽക്കുന്ന അമ്മയും’ എന്ന അടിക്കുറിപ്പോടെയാണ് ഇസറോ എക്സിൽ വിഡിയോ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.