ആദിത്യ എൽ1ലെ ‘സ്വിസ്’ മിഴി തുറന്നു; സുപ്രധാന വിവരങ്ങൾ ലഭിച്ചതായി ഐ.എസ്.ആർ.ഒ

ബംഗളൂരു: സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രക്കിടെ ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1ന്‍റെ പരീക്ഷണ വിശേഷങ്ങൾ പങ്കുവെച്ച് ഐ.എസ്.ആർ.ഒ. സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റിന്‍റെ (ASPEX) ഭാഗമായ സോളാർ വിൻഡ് അയൺ സ്പെക്ട്രോമീറ്റർ (SWIS) വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതിന്‍റെ വാർത്തയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.

നവംബർ രണ്ടിനാണ് സൗരക്കാറ്റിന്‍റെ പ്രോട്ടോൺ, ആൽഫ കണികകൾ അളക്കാൻ രൂപകൽപന ചെയ്‌ത ലോ എനർജി സ്പെക്ട്രോമീറ്ററാണ് സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) എന്ന ഉപകരണം പ്രവർത്തിച്ച് തുടങ്ങിയത്. 360 ഡിഗ്രിയിൽ നിരീക്ഷിക്കാൻ സാധിക്കുന്ന സ്വിസിലെ രണ്ട് സെൻസറുകളാണ് സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. പ്രോട്ടോൺ, ആൽഫ കണികകളിലെ ഊർജ വ്യതിയാനങ്ങൾ സ്വിസ് ഉപകരണം കണ്ടെത്തിയതായി ഐ.എസ്.ആർ.ഒ വ്യക്തമാക്കുന്നു.

ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റ് (ASPEX) ഉപകരണം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്ററും (SWIS), സൂപ്പർതെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (STEPS-1) എന്നീ ഉപകരണങ്ങളാണ് ആപ്സിൽ ഉള്ളത്. സെപ്റ്റംബർ 10ന് സ്റ്റെ​​പ്സ്-1 പ്രവർത്തിച്ച് ശാസ്ത്രീയ വിവരങ്ങൾ ശേഖരിച്ചിരുന്നു.

ഭൂ​​മി​​ക്ക് 50,000 കി​​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം അ​​ക​​​ലെ​​യു​​ള്ള ഉ​​ഷ്ണ-​​ഊ​​ർ​​ജ-​​വൈ​​ദ്യു​​ത ക​​ണ​​ങ്ങ​​ളാ​​ണ് സ്റ്റെ​​പ്സ്-1 (STEPS-1) ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ സെ​​ൻ​​സ​​റു​​ക​​ൾ അ​​ള​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. ഭൂ​​മി​​ക്കു ചു​​റ്റു​​മു​​ള്ള ക​​ണ​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ വി​​ശ​​ക​​ല​​ന​​ത്തി​​ന് ശാ​​സ്ത്ര​​ജ്ഞ​​രെ സ​​ഹാ​​യി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ളാ​​ണിവ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് ആപ്സ് ഉപകരണം നിർമിച്ചത്.

സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം.

സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.

അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Tags:    
News Summary - The Solar Wind Ion Spectrometer (SWIS), the second instrument in the Aditya Solar wind Particle Experiment (ASPEX) payload is operational

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.