മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികരെ തിരികെ കൊണ്ടുവരാൻ പുതിയ ബഹിരാകാശ വാഹനം അയക്കുമെന്ന് റഷ്യൻ സ്പേസ് കോർപറേഷൻ റോസ്കോസ്മോസ്. ഫെബ്രുവരി 20നാണ് പുതിയ വാഹനം ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുക.
റഷ്യൻ ബഹിരാകാശസഞ്ചാരികളായ സെർജി പ്രൊകപ്യേവ്, ദിമിത്രി പെറ്റ്ലിൻ, നാസയുടെ ബഹിരാകാശസഞ്ചാരി ഫ്രാങ്ക് റൂബിയോ എന്നിവരുമായി സോയൂസ് എം.എസ്-22 ബഹിരാകാശ വാഹനം സെപ്റ്റംബറിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
വാഹനത്തിലെ താപനില ക്രമീകരിക്കുന്ന കൂളന്റ് ചോർന്നതായി കഴിഞ്ഞമാസം കണ്ടെത്തി. സോയൂസ് എം.എസ്-22നും തകരാർ സംഭവിച്ചു. ഇതോടെയാണ് മൂന്നു യാത്രക്കാരെയും തിരികെ കൊണ്ടുവരുന്നതിന് സോയൂസ് എം.എസ് 23 എന്ന പേരിൽ പുതിയ പേടകം അയക്കുന്നത്.
നാസയുമായി ചർച്ച നടത്തിയശേഷമാണ് യാത്രക്കാരില്ലാത്തതും പൂർണമായും ഓട്ടോമാറ്റിക്കുമായ സോയൂസ് എം.എസ്-23 അയക്കുന്നതെന്ന് റോസ്കോസ്മോസ് മേധാവി യൂറി ബോറിസോവ് പറഞ്ഞു.അതേസമയം, പുതിയ വാഹനം എത്തുംമുമ്പ് ബഹിരാകാശനിലയത്തിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ മുഴുവൻ യാത്രികരെയും ഒഴിപ്പിക്കാൻ സോയൂസ് എം.എസ്-22 സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
റഷ്യൻ സഞ്ചാരികൾ ബഹിരാകാശ നടത്തത്തിന് ശ്രമിച്ചപ്പോഴാണ് കൂളന്റ് ചോർച്ച ശ്രദ്ധയിൽപെട്ടത്. അതേസമയം, നിലയത്തിലുള്ളവർക്ക് ചോർച്ച കാരണം അപകടമൊന്നും ഇല്ലെന്ന് റോസ്കോസ്മോസും നാസയും വ്യക്തമാക്കി. മൊത്തം ഏഴു പേരാണ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.