ചന്ദ്രനിലിറങ്ങിയ ഇന്ത്യയെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന ലോകത്തോട് പൂരം ഇനി കാണാനിരിക്കുന്നതേയുള്ളൂ എന്ന മട്ടിലാണ് ഐ.എസ്.ആർ.ഒ. ചന്ദ്രൻ കഴിഞ്ഞാൽ സൂര്യൻ തന്നെയാണല്ലോ നമ്മുടെ അത്ഭുതം. ആ ആത്ഭുതത്തിലേക്കുള്ള ഇന്ത്യയുടെ അഭിമാന ദൗത്യമാണ് ആദിത്യ എൽ1.
സൂര്യനിലെ രഹസ്യ പ്രതിഭാസങ്ങൾ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമാണിത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയിന്‍റിലാണ് പേടകം സ്ഥാപിക്കുക. എൽ1 പോയിന്‍റിൽ വലം വെക്കുന്നതിനാലാണ് ഇന്ത്യയുടെ സൗരദൗത്യ പേടകത്തിന് ആദിത്യ എൽ1 എന്ന് പേര് ഐ.എസ്.ആർ.ഒ നൽകിയിട്ടുള്ളത്.
തീഗോളമായി ജ്വലിക്കുന്ന സൂര്യനെ ചന്ദ്രയാൻ 3 പേടകം സഞ്ചരിച്ചതിന്‍റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.
ആദിത്യ എൽ1 പേടകവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കുത്തിച്ചുയരുന്ന പി.എസ്.എൽ.വി സി 57 റോക്കറ്റ് ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിന്‍റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും. തുടർന്ന് ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്‍റിന് സമീപത്ത് എത്തിക്കും. ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എൻജിന്‍റെ സഹായത്തിൽ എൽ1 പോയിന്‍റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും. പേടകം ലഗ്രാഞ്ച് പോയിന്‍റിലെത്താൻ നാല് മാസം വേണ്ടി വരും.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്‍റിലെ ഹാലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സൂര്യന്‍റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്, സൂര്യനെ നിരീക്ഷിക്കാനുള്ള സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോ മീറ്റർ, കൊറോണയിലെ ഊർജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോ മീറ്റർ, സൗര്യ കാറ്റിന്‍റെ പഠനത്തിനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റ്, സോളാർ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, സൂര്യന്‍റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ ഹൈ റെസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോ മീറ്റർ എന്നിവയാണ് പേലോഡുകൾ.
ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വാകർഷണ ബലം തുല്യമായിരിക്കുന്ന ലഗ്രാഞ്ച് 1 പോയിന്‍റിൽ നിന്ന് സൂര്യനെ മറ്റ് തടസങ്ങളില്ലാതെ ആദിത്യ പേടകത്തിന് നിരന്തരം വീക്ഷിക്കാനാകും. ഈ പോയിന്‍റിൽ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്പോൾ ഭൂമിയോ മറ്റ് ഗ്രഹങ്ങളോ നിഴൽ വീഴ്ത്തില്ല. അതിനാലാണ് സൂര്യനും ഭൂമിക്കും നേരെയുള്ള എൽ1 പോയിന്‍റിൽ ആദിത്യ പേടകം സ്ഥാപിക്കുന്നത്. തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ 24 മണിക്കൂറും സൂര്യന്‍റെ ചിത്രം പേടകത്തിന് പകർത്താനാകും. ലഗ്രാഞ്ച് പോയിന്‍റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി എന്നതും പ്രത്യേകതയാണ്.
ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ നിർമിച്ച 1500 കിലോഗ്രാം ഭാരമുള്ള പേടകത്തിന്‍റെ കാലാവധി അഞ്ച് വർഷവും രണ്ട് മാസവുമാണ്. ദൗത്യത്തിന്‍റെ ചെലവ് ഏകദേശം 368 കോടി രൂപയാണ്.
അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം മാറ്റിമറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. സൗരയുഥത്തിന്‍റെ കേന്ദ്രമായ, 1.5 കോടി ഡിഗ്രി സെൽഷ്യസിൽ കത്തി ജ്വലിക്കുന്ന സൂര്യനിൽ നിന്നുള്ള പുതിയ അറിവുകൾക്കായി നമുക്ക് കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.