ചന്ദ്രയാൻ-3ന് മുമ്പ് ലൂണ-25 ചന്ദ്രനിലെത്തുമോ‍‍?; ഇന്ത്യൻ ദൗത്യത്തിന് വെല്ലുവിളിയുമായി റഷ്യ

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വെല്ലുവിളി ഉയർത്തി ചാന്ദ്രാപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. പുലർച്ചെ 4.30നാണ് റഷ്യൻ വിക്ഷേപണ കേന്ദ്രമായ വാസ്ടോക്നി കോസ്മോഡ്രോമിൽ നിന്നും സൂയസ് 2.1 ബി റോക്കറ്റാണ് പേടകവുമായി കുതിച്ചത്. 47 വർഷത്തിന് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി എത്തുന്നത്.

കരുത്തുറ്റ സൂയസ് റോക്കറ്റ് അഞ്ചര ദിവസം കൊണ്ട് ലൂണ-25നെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിക്കും. തുടർന്ന് ചന്ദ്രനെ വലംവെച്ച് ഏഴ് ദിവസത്തിനുള്ളിൽ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 800 കിലോഗ്രാം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രന്‍റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്തുകയാണ് റഷ്യൻ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങൾക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ട്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനാണ് റഷ്യയുടെ ശ്രമം. 


അതേസമയം, ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് റഷ്യയുടെ ലൂണ-25 ദൗത്യം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക എന്നതാണ് ചന്ദ്രയാൻ മൂന്നിന്‍റെയും ലൂണ-25ന്‍റെയും ലക്ഷ്യം. ഇന്ത്യയുടെ ചന്ദ്രയാൻ-3ഉം സോഫ്റ്റ് ലാൻഡിങ് തയാറെടുക്കുന്ന ആഗസ്റ്റ് 23ന് മുമ്പായി ആഗസ്റ്റ് 21നോ 22നോ റഷ്യയുടെ ലൂണ-25 ലാൻഡിങ്ങിന് ശ്രമിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ചന്ദ്രയാൻ ഇറങ്ങാൻ തീരുമാനിച്ച സ്ഥലത്തിന് കിലോമീറ്റർ അകലെയായിരിക്കും ലൂണ-25 ഇറങ്ങുക.

റഷ്യയുടെ സൂയസ് 2.1 ബി റോക്കറ്റ്

അതോടൊപ്പം, ചാന്ദ്രദൗത്യത്തിൽ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കുള്ള മുൻതൂക്കം അവസാനിപ്പിക്കുക എന്നതും റഷ്യൻ നീക്കത്തിന് പിന്നിലുണ്ട്. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ രാജ്യങ്ങൾ. 1976ലാണ് ഏറ്റവും ഒടുവിൽ സോവിയറ്റ് യൂണിയൻ ചാന്ദ്രദൗത്യം നടത്തിയത്.

അതേസമയം, ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ-3 പേടക ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. ഭൂമിയുടെ ഗുരുത്വാകർഷണ വലത്തിൽ നിന്ന് ഭ്രമണപഥം വികസിപ്പിച്ച് പുറത്തു കടന്ന ചന്ദ്രയാൻ മൂന്ന് നിലവിൽ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലംവെക്കുകയാണ്. പേടകത്തിന്‍റെ രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായിരുന്നു.

ലൂണ-25 പേടകം

മൂന്നു തവണ കൂടി ഭ്രമണപഥം താഴ്ത്തുന്നതോടെ പേടകം ചന്ദ്രന്‍റെ 100 കിലോമീറ്റർ വൃത്തത്തിലുള്ള ഭ്രമണപഥത്തിൽ എത്തും. ആഗസ്റ്റ് 17ന് പേടകത്തിലെ പ്രൊപ്പൽഷൻ മെഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടും. തുടർന്ന് ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Will Luna-25 reach the Moon before Chandrayaan-3?; Russia Challenges Indian moon Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.