അങ്ങനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കോടതി കയറാൻ പോവുകയാണ്. അമേരിക്കയിൽ ട്രാഫിക്ക് നിയമ ലംഘനവുമായി ബന്ധപ്പെട്ട ഒരു കേസിൽ പ്രതിക്ക് വേണ്ടി വാദിക്കാനാണ് ‘നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന റോബോട്ട്’ ഒരുങ്ങുന്നത്. ലോകത്ത് ആദ്യമായാണ് കോടതിയിൽ മനുഷ്യന് വേണ്ടി ‘എ.ഐ വക്കീൽ’ വാദം നടത്താൻ പോകുന്നത്. ഫെബ്രുവരിയിലാണ് കേസിന്റെ വാദം കേൾക്കൽ.
ഡുനോട്ട്പേ (DoNotPay) എന്ന സ്റ്റാർട്ട്അപ്പ് കമ്പനി വികസിപ്പിച്ച ‘എ.ഐ ബോട്ട്’ പ്രതിയുടെ സ്മാർട്ട്‌ഫോണിലാണ് പ്രവർത്തിക്കുക. ഒരു നിയമ സേവന ചാറ്റ്ബോട്ടാണ് ഡുനോട്ട്പേ. ലോകത്തിലെ ആദ്യത്തെ റോബോട്ട് വക്കീലാണ് അതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ റോബോട്ട് വക്കീൽ തത്സമയം കോടതി വാദങ്ങൾ കേൾക്കുകയും മനുഷ്യ വക്കീലിനെ പോലെ തന്നെ പ്രതിയോട് ഇയർപീസ് വഴി എന്താണ് പറയേണ്ടതെന്ന് നിർദേശം നൽകുകയും ചെയ്യും. കോടതിയിൽ കേൾക്കുന്ന വിവരങ്ങൾ AI റോബോട്ട് പ്രോസസ്സ് ചെയ്യുകയും വിശകലനം ചെയ്യുകയും തുടർന്ന് പ്രതിയോട് പ്രതികരിക്കാൻ ഉപദേശിക്കുകയും ചെയ്യുമെന്ന് ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റ് റിപ്പോർട്ട് ചെയ്തു.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോഷ്വ ബ്രൗഡറാണ് ചരിത്രമാകാൻ പോകുന്ന എ.ഐ സംവിധാനം 2015ൽ സൃഷ്ടിച്ചെടുത്തത്. ഫീസോ പിഴയോ അടക്കാൻ വൈകിയ ഉപഭോക്താക്കൾക്ക് നിയമോപദേശം നൽകുന്നതിനുള്ള ഒരു ചാറ്റ്ബോട്ടായാണ് അതിന്റെ തുടക്കം, എന്നാൽ, കേസിനെക്കുറിച്ച് AI അസിസ്റ്റന്റിനെ പരിശീലിപ്പിക്കാൻ വളരെയധികം സമയമെടുത്തതായി ബ്രൗഡർ പറയുന്നു.
ഫെബ്രുവരിയിലാണ് നമ്മുടെ റോബോട്ട് വക്കീൽ വാദിക്കാൻ പോകുന്നത്. നിലവിൽ, റോബോട്ടിന്റെ നിർമ്മാതാക്കൾ അതിന്റെ കൃത്യമായ തീയതിയോ ഏത് കോടതിയാണെന്നോ, പ്രതിയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കേസ് തോറ്റാലുള്ള പിഴ ഡുനോട്ട്പേ വഹിക്കുമെന്നും ബ്രൗഡർ അറിയിച്ചിട്ടുണ്ട്. നിയമ പോരാട്ടം നടത്തുന്ന സാധാരണക്കാരായ എല്ലാവർക്കും ഒറ്റ ക്ലിക്കിലൂടെ നീതി ലഭ്യമാക്കി കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.