ന്യൂഡൽഹി: മുസ്‌ലിം വിരുദ്ധവും വിദ്വേഷം നിറഞ്ഞതുമായ ട്വീറ്റിന് ലൈക്കടിച്ച് പ്രമുഖ ടീകഫേ ശൃംഖലയായ 'ചായോസ്' വിവാദത്തിൽ. ചായോസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് വിദ്വേഷ പോസ്റ്റിന് ലൈക്ക് നൽകിയത്. ഇതിന്‍റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
'സഫ്രോൺ ലവ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത വിദ്വേഷ പോസ്റ്റിനാണ് ചായോസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലൈക്ക് നൽകിയത്. ചായോസിന്‍റെ ട്വിറ്റർ പ്രൊഫൈലിലെ ലൈക്ക് ചെയ്ത പോസ്റ്റുകളുടെ കൂട്ടത്തിൽ ഈ പോസ്റ്റും കാണാം. ഇതാണോ സ്ഥാപനത്തിന്‍റെ നയം എന്ന ചോദ്യമുയർത്തി നിരവധി പേർ ട്വീറ്റ് ചെയ്തു.
'ഇത് ചായോസിന്‍റെ നിലപാടാണോ അതോ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളുടെ ഭ്രാന്താണോ' -സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് അനുഷ്ക ജെയിൻ എന്ന ട്വിറ്റർ ഉപയോക്താവ് ചോദിച്ചു.
അങ്ങേയറ്റം അപമാനകരമാണ് സംഭവമെന്ന് ഡോ. റോഷൻ ആർ എന്നയാൾ ട്വീറ്റ് ചെയ്തു. തികച്ചും മതഭ്രാന്താണിത്. വിദ്വേഷം നിറഞ്ഞ ആളുകളാണിത് ചെയ്യുന്നത്. വിദ്വേഷം തിരഞ്ഞെടുത്ത് വളർത്താൻ ലക്ഷ്യമിടുന്ന രാഷ്ട്രീയക്കാരെ ഈ പ്രത്യയശാസ്ത്രം സഹായിക്കും, പക്ഷേ എല്ലാവരെയും സേവിക്കാൻ ലക്ഷ്യമിടുന്ന ഭക്ഷണശാലയെ അത് നശിപ്പിക്കുമെന്ന് ഓർക്കണം -അദ്ദേഹം കുറിച്ചു.
ഇതിന് പിന്നിൽ ഒരു ജീവനക്കാരനാണെന്നാണെങ്കിൽ, ചായോസിലെ തൊഴിൽ സാഹചര്യം ന്യൂനപക്ഷങ്ങൾക്ക് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ചായോസ് തന്നെ രംഗത്തെത്തി. 'പ്രകോപനപരമായ ഒരു പോസ്റ്റ് ഞങ്ങളുടെ ഭാഗത്തുനിന്ന് തീർത്തും അനുയോജ്യമല്ലാത്ത രീതിയിൽ ലൈക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ട്വീറ്റിൽ പരാമർശിച്ച വീക്ഷണത്തെ ചായോസ് വെറുക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. അതിൽ പ്രയാസം നേരിട്ടവരോട് ഞങ്ങൾ ക്ഷമചോദിക്കുന്നു' -ചായോസ് ട്വീറ്റ് ചെയ്തു.
'എല്ലാതരം വിശ്വാസത്തിലുള്ളവരെയും ഒരുപോലെ ബഹുമാനിക്കുന്നു. സംഭവിച്ചതിനെ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം കൃത്യമായ നടപടിയെടുക്കും' -ചായോസ് വ്യക്തമാക്കി.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്ന ടീകഫേ ശൃംഖലയാണ് ചായോസ്. ആറ് നഗരങ്ങളിലായി 190 കഫേകൾ ഇവർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.