‘ഓംലെറ്റ് എങ്ങനെ ഉണ്ടാക്കാം?’, വിഡിയോ കണ്ട് വണ്ടിയോടിക്കുന്ന ഒല ഡ്രൈവറുടെ ദൃശ്യം പങ്കുവെച്ച് ഉപഭോക്താവ്, പണി കൊടുക്കാനുറച്ച് പൊലീസ്

മുംബൈ: തിരക്കേറിയ റോഡിലൂടെ ഒല ടാക്സി കാർ ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഓംലെറ്റ് റെസിപ്പി വിഡിയോ കാണുന്നതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

യാത്രക്കാരൻ റെക്കോഡ് ചെയ്ത വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തതോടെ ചർച്ചയായി. ‘ഡാർക്ക് നൈറ്റ്’ എന്ന പേരിലുള്ള ഒരു എക്സ് യൂസറാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ‘പ്രിയ ഓല, നിങ്ങളുടെ ഡ്രൈവർ ഞങ്ങളുടെ ജീവൻ പണയപ്പെടുത്തി ഡ്രൈവ് ചെയ്യുമ്പോൾ ഓംലെറ്റ് എങ്ങനെ പാചകം ചെയ്യാമെന്ന് പഠിക്കുന്നു. നിങ്ങളുടെ സ്‌കൂട്ടറുകൾ ഇതിനകം തന്നെ കത്തിനശിച്ചു, ഇതിന് മുമ്പ് നിങ്ങൾ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒല ഒന്നുകൂടി ജ്വാലയാവുകയും താമസിയാതെ ചാരമായി മാറുകയും ചെയ്യുമെന്നാണ്’ ഇയാൾ എക്സിൽ വിഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. ഇടക്കാലത്ത് ഒല പുറത്തിറക്കിയ ഇലക്ട്രിക് സ്കൂട്ടറുകൾ വ്യാപകമായി തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തു വന്നത്. ഒല ഡ്രൈവർമാരുടെ അശ്രദ്ധയും നിരുത്തരവാദിത്തവും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.

വൈറൽ വിഡിയോ ശ്രദ്ധയിൽപെട്ട മുംബൈ പോലീസ് ഔദ്യോഗിക ഹാൻഡിലിലൂടെ പോസ്റ്റിനു മറുപടി നൽകുകയും സംഭവസ്ഥലം അറിയിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ, ക്യാബ് ഡ്രൈവർക്കെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല. എന്നാൽ പൊലീസ് നടപടി ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Tags:    
News Summary - 'How to make an omelette?', the customer shared the footage of the Ola driver driving after watching the video, the police to give him work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.