ഉഡുപ്പി (കർണാടക): വർക് ഷോപ്പിൽ കാറ്റുനിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. സ്വകാര്യ സ്കൂൾ ബസിന്റെ ടയറിൽ കാറ്റുനിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജോലിയിലേർപ്പെട്ട 19കാരൻ പൊട്ടിത്തെറിയുടെ ശക്തിയിൽ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
കോടേശ്വരയിലെ വാഹന വർക് ഷോപ്പിലാണ് സംഭവം. പഞ്ചറടച്ച ശേഷം കാറ്റുനിറക്കുന്നതിനിടെയാണ് ടയർ പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്ത് നിർത്തിയിട്ട ഓട്ടോയുടെ മുകളിലേക്ക് ഉയർന്നുപൊങ്ങി യുവാവ് താഴെവീഴുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. കാറ്റുനിറച്ച് ഇയാൾ ടയറിന് സമീപത്തുനിന്ന് നടക്കാൻ തുടങ്ങുമ്പോഴേക്ക് ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്തുള്ള കടയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിലാണ് ടയർ പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. കാമറയിലെ തീയതി പ്രകാരം ഡിസംബർ 21നാണ് സംഭവം നടന്നിട്ടുള്ളത്. സംഭവത്തിൽ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.