‘ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാർ ജാമ്യം കിട്ടിയാലുടൻ കേക്കുമായി ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’

പാലക്കാട്: സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംഘ്പരിവാറിന്റെ ക്രൈസ്തവസ്നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യർ. കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം. ‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്‌.പി പ്രവർത്തകർ, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Tags:    
News Summary - sandeep varier against Sangh Parivar's religious divide tactics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.