രാത്രിയിൽ ചായ കുടിക്കാനിറങ്ങിയ ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അപമാനിച്ച സംഭവത്തിൽ കുറിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയാണ് കുറിപ്പ് അഭിസംബോധന ചെയ്യുന്നത്. പൊലീസിലെ 'കൂട്ടൻപിള്ളമാരെ' നിലയ്ക്ക് നിർത്താൻ മന്ത്രി ഇടപെടണമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നു. കുറിപ്പിന്റെ പൂർണരൂപം താഴെ.
ബഹുമാനപ്പെട്ട കേരളത്തിന്റെ ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ്, രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും, അത്തരത്തിലുള്ള ഒരു രാഷ്ട്രീയ വേർതിരുവിലുമല്ല ഇതെഴുതുന്നത്. ഈ കുറിപ്പ് താങ്കളുടെ പേരിൽ എഴുതുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ് , ഒന്ന് താങ്കൾ ഈ നാടിന്റെ ടൂറിസം മന്ത്രിയാണ്, രണ്ട് താങ്കൾ യുവാക്കളുടെ പ്രതിനിധിയാണ്. ടൂറിസം മന്ത്രി എന്ന നിലയിൽ കേരളത്തിലെ ടൂറിസം സാധ്യത വികസിപ്പിക്കുവാനുള്ള അങ്ങയുടെ പ്രവർത്തനങ്ങൾക്കുള്ള ഒരു വെല്ലുവിളിയെ പറ്റിയാണ് എനിക്ക് പറയാനുള്ളത്.
നമ്മുടെ നാട്ടിലെ "കുട്ടൻപിള്ള പോലീസ് " എന്ന ബോറന്മാർക്ക് ഈ 2022 ലും കുറവില്ല എന്നത് അത്യധികം നിരാശാജനകമാണ്. ക്രമസമാധാനപാലനത്തേക്കാൾ ഇക്കൂട്ടർക്ക് താല്പര്യം, അക്രമപാലനവും, പോലീസിനേക്കാൾ മോറൽ പോലീസിംഗുമൊക്കെയാണ്. മീശ പിരിക്കലും, വിരട്ടലും, ഭാഷ പോലും തരിച്ചു പോകുന്ന അസഭ്യവർഷവും, ഗരുഡൻ പറത്തലും തൊട്ട് പല തരം തേർഡ് ഡിഗ്രി എന്ന ഓമന പേരിലെ തേർഡ്റൈറ്റ് തോന്നിവാസങ്ങളും ഇക്കാലത്തും ആചാരം പോലെയവർ പാലിച്ചു പോകുന്നു.
ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിലേക്ക് വന്ന ഒരു വിദേശ പൗരനോട് കോവളത്ത് വെച്ച് ചെയ്ത അധികാര ആഭാസം കാരണം നാട് തന്നെ നാണിച്ചു നിന്ന സംഭവം താങ്കളുടെ ഓർമയിൽ കാണും. പൊതുവെ യാത്രികരോട്, അത് വിദേശിയായാലും സ്വദേശിയായാലും ഈ കുട്ടൻപിള്ളമാർക്ക് ഒരു തരം ഫ്രസ്ട്രേഷനാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ പെരിന്തൽമണ്ണ ടൗണ്ടിൽ 22 കിലോമീറ്റർ യാത്ര ചെയ്ത് ചായ കുടിക്കാൻ എത്തിയ 6 ചെറുപ്പക്കാർക്ക് പോലീസ് വക ഫ്രീ ചായ എന്ന വാർത്ത കണ്ണിൽ ഉടക്കിയപ്പോൾ തന്നെ ഒരു പന്തികേട് തോന്നി.രാത്രികാലത്ത് 22 കിലോമീറ്റർ യാത്ര ചെയ്ത് ചായ കുടിക്കുവാൻ എത്തിയതിനെ ചോദ്യം ചെയ്ത്, അത് വിശ്വസിനീയമല്ല എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അതിനു ശേഷം പ്രായപൂർത്തിയായ ആ ചെറുപ്പക്കാരുടെ വീട്ടിൽ വിളിക്കുന്നു. അതിന് ശേഷം അവരെ കൊണ്ട് ചായ തയ്യാറാക്കി കുടിപ്പിക്കുന്നു. ചായ കുടിക്കുമ്പോഴത്രയും 22 km യാത്ര ചെയ്തു ചായയ്ക്ക് എന്ന് പറഞ്ഞ് പരിഹസിക്കുന്നു. പെരിന്തൽമണ്ണ Sl യുടെ മോറൽ ചായ പോലീസിങ് നടക്കുന്നതിനടയിൽ മറ്റൊരു "ഹെഡ് കോൺസ്റ്റബിൾ കുട്ടൻ പിള്ളയുടെ " മാസ് ഡയലോഗുണ്ട്, 'ചായയുണ്ടാക്കാൻ തന്നെ അറിയില്ല'
ബഹുമാനപ്പെട്ട മിനിസ്റ്റർ,
രാത്രി കാലത്ത് പുറത്തിറങ്ങുന്ന എല്ലാ ചെറുപ്പക്കാരെയും ഇങ്ങനെ സംശയത്തോടെ മാത്രം നോക്കിയാൽ നമ്മൾ എത്ര പതിറ്റാണ്ട് പിന്നിലേക്ക് പോകും ?
22 KM ചായ കുടിക്കുവാൻ വേണ്ടി യാത്ര ചെയ്യുവാൻ പാടില്ലായെന്ന് IPC യിൽ പറയുന്നുണ്ടോ?
ചായ കുടിക്കുവാൻ പരമാവധിയെത്ര ദൂരമെന്ന് പോലീസ് മാന്വലിൽ പറയുന്നുണ്ടോ?
ചായ കുടിക്കുവാൻ വന്നതാണ് എന്ന് പറയുമ്പോൾ സംശയം തോന്നിയെന്നതിന്റെ യുക്തിയെന്താണ് ?
സംശയം തോന്നിയവരെ സ്റ്റേഷനിൽ എത്തിച്ച് ചായ ഉണ്ടാക്കിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ?
എല്ലാവർക്കും ചായ ഉണ്ടാക്കുവാൻ അറിയണം എന്ന് ഭരണഘടനയിൽ പറയുന്നുണ്ടോ?
സംഭവം പാളി എന്ന് മനസ്സിലായപ്പോൾ, സംഭവത്തിനെ പോസിറ്റിവ് വാർത്തയാക്കുവാൻ " പോലീസ് വക മധുരമുള്ള ചായ " എന്ന ടാഗ് സൃഷ്ടിച്ച് നന്മ നിറഞ്ഞ ശ്രീനിവാസൻ ആകുവാനുളള പോലീസ് ശ്രമം പ്രത്യേകം എടുത്ത് പറയണം.
മിനിസ്റ്റർ, നമ്മുക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ചായ വേണ്ട, നീതി മതി.... ചായ നമുക്ക് നല്ല ചായക്കടയിൽ പോയി തന്നെ കുടിക്കാം....
ഈ ഹരാസ്മെന്റ് നടക്കുമ്പോൾ, മാസ്ക് മാറ്റി ആ വീഡിയോ പിടിക്കുമ്പോൾ ആ ചെറുപ്പക്കാരുടെ മുഖത്ത് വിരിയുന്ന നിസംഗതയും, നിരാശയും, അഭിമാനക്ഷതവും നമ്മുടെ പരാജയമാണ്.
ഇത്തരം കൂട്ടൻപിള്ളമാരെ നിലയ്ക്ക് നിർത്തുവാൻ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.