കലാപാഹ്വാനത്തിന് കേസെടുത്തതിന് പിന്നാലെ പിണറായിക്കെതിരെ ഒളിയമ്പുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് 'രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസെടുക്കുന്നതിലെ സാമ്യം കൊണ്ട് മാറിപ്പോകരുത്' എന്നാണ് കുറിച്ചത്. തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനമെന്നും തൽക്കാലം ആ 154 കൈയിലിരിക്കട്ടെയെന്നും രാഹുൽ പോസ്റ്റിൽ പറയുന്നു.
രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ...
''ഈ ചിത്രത്തിൽ ഷാളിട്ട് ഇടത്തുനിൽക്കുന്നതാണ് മോദി, വലത്ത് നിൽക്കുന്നതാണ് പിണറായി, നടുക്ക് നിൽക്കുന്നത് പതിവ് പോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസ് എടുക്കുന്നതിലെ സാമ്യം കൊണ്ട് മാറിപ്പോകരുത്. ഞാൻ പറഞ്ഞതിൽ ഒരു കലാപാഹ്വാനവുമില്ലായെന്നും, സി.പി.ഐ.എമ്മിന്റെ അണികൾക്ക് പോലും പൊള്ളുന്ന യാഥാർഥ്യമാണെന്നും നല്ല ബോധ്യമുണ്ട്. തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനം. തൽക്കാലം ആ 154 കൈയിലിരിക്കട്ടെ...''
ആഗസ്റ്റ് 16ന് ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ അടൂർ പൊലീസ് കേസെടുത്തത്. കൊല്ലത്തെ ഇടത് അനുഭാവികളുടെ സമൂഹ മാധ്യമ കൂട്ടായ്മയുടെ പരാതിയിലായിരുന്നു കേസ്. പാലക്കാട് ഷാജഹാൻ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങൾ ബലികൊടുക്കുന്നു എന്നും മുസ്‌ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്നും രാഹുൽ പോസ്റ്റിൽ ചോദിച്ചിരുന്നു. മുസ്‌ലിംകളായ സഖാക്കൾ ദുരൂഹമായ സാഹചര്യങ്ങളിലാണ് കൊല്ലപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.