വാഷിങ്ടൺ: ഓസ്കർ പുരസ്‌കാരദാന ചടങ്ങില്‍ നടൻ വില്‍ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിന്റെ ചൂടേറിയ ചർച്ചകൾ തുടരുമ്പോൾ ആറ് വർഷം മുമ്പത്തെ ഒരു ട്വീറ്റ് വൈറലാകുകയാണ്. 'വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന് മറ്റ് വഴിയൊന്നുമില്ല' എന്ന് ജേസൺ എന്നയാളാണ് ട്വീറ്റ് ചെയ്തത്. 2016 ഫെബ്രുവരി 29ന് വന്ന ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കപ്പെടുകയാണ് ഇപ്പോൾ.
ഓസ്കർ വേദിയിൽ ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരിഹാസം വില്‍ സ്മിത്തിനെ ചൊടിപ്പിക്കുകയും അടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ടുപേരും ക്ഷമ ചോദിച്ചെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല.
2016ലെ ഓസ്കർ പുരസ്കാരദാന ചടങ്ങിലും ക്രിസ് റോക്ക് ജെയ്ഡയെ പരിഹസിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്ന് സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ജേസൺ ട്വിറ്ററിൽ കുറിച്ചത്. 2016ലെ ഓസ്കര്‍ ജെയ്ഡ ബഹിഷ്‌കരിച്ചിരുന്നു. അഭിനേതാക്കളുടെ നാമനിര്‍ദ്ദേശപ്പട്ടികയില്‍ വൈവിധ്യമില്ലെന്ന കാരണം പറഞ്ഞായിരുന്നു ജെയ്ഡ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്.
ചടങ്ങില്‍ അവതാരകനായെത്തിയ ക്രിസ് റോക്ക് അശ്ലീല പരാമർശത്തോടെയാണ് ഇക്കാര്യം അവതരിപ്പിച്ചത്. 'ജെയ്ഡ വരുന്നില്ലെന്നാണ് പറഞ്ഞത്. അപ്പോള്‍ എനിക്ക് തോന്നി, ജെയ്ഡ ടിവി ഷോയിലില്ലേ? ജെയ്ഡ ഓസ്കര്‍ ബഹിഷ്‌കരിക്കുകയാണോ? ജെയ്ഡ ഓസ്കര്‍ ബഹിഷ്‌കരിക്കുന്നത് ഞാന്‍ റിഹാനയുടെ അടിവസ്ത്രം ബഹിഷ്‌കരിക്കുന്നത് പോലെയാണ്. കാരണം എന്നെ ക്ഷണിച്ചിട്ടില്ല' എന്നാണ് ക്രിസ് റോക്ക് പറഞ്ഞത്. ജെയ്ഡക്ക് പിന്നാലെ ക്രിസ് റോക്ക് വില്‍ സ്മിത്തിനെയും പരിഹസിച്ചു. കണ്‍കഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നാമനിർദേശം ലഭിക്കാത്തതിനാലാണ് വില്‍ സ്മിത്ത് വരാതിരുന്നതെന്നാണ് ക്രിസ് പറഞ്ഞത്. ഈ വർഷത്തെ ഓസ്കർ പുരസ്കാരദാന വേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് ജെയ്ഡയെ കുറിച്ച് പറഞ്ഞ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്.
നടിയും അവതാരകയും സാമൂഹിക പ്രവര്‍ത്തകയുമായ ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. 1997ലെ 'ജി.ഐ ജെയിന്‍' എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. 'ജി.ഐ ജെയിന്‍ 2' ല്‍ ജെയ്ഡയെ കാണാമെന്നാണ് ക്രിസ് റോക്ക് പറഞ്ഞത്. ഇതിൽ ക്ഷുഭിതനായ സ്മിത്ത് വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായ താക്കീതും നൽകി. സംഭവത്തില്‍ വില്‍ സ്മിത്ത് ക്രിസിനോടും അക്കാദമിയോടും മാപ്പ് പറഞ്ഞു. തന്റെ തമാശ അതിരുകടന്നതിൽ ക്രിസ് റോക്കും മാപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.