‘ടർക്കിഷ് തർക്കം’: തനിക്ക് ഭീഷണിയില്ലെന്ന് സണ്ണി വെയ്ൻ; ‘അനാവശ്യ ചർച്ചകൾ മലയാള സിനിമക്ക് ദോഷമേ ഉണ്ടാക്കൂ’

കൊച്ചി: മതനിന്ദയുടെ പേരിൽ ഭീഷണി നേരിടുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ‘ടർക്കിഷ് തർക്കം’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടൻ സണ്ണി വെയ്നും. സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും താൻ നേരിട്ടിട്ടില്ലെന്ന് സണ്ണി വെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.

സിനിമ പിൻവലിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇത്തരം ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കേണ്ടതായിരുന്നു. അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും ഇത് മലയാള സിനിമക്ക് ദോഷമേ ഉണ്ടാക്കൂവെന്നും സണ്ണി വെയ്ൻ വ്യക്തമാക്കി.

സണ്ണി വെയ്ന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്‍റെ എളിയ അഭിപ്രായം. ഇതിന്‍റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാള സിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർഥിക്കുന്നു.

Tags:    
News Summary - Actor Sunny Wayne react to Turkish Tharkkam Withdraw from Theatres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.