ടർക്കിഷ് തർക്കം: ഭീഷണിയി​​ല്ലെന്ന് നടൻ ലുക്മാൻ; ‘വിവാദത്തിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെങ്കിൽ അന്വേഷിക്കണം’

കൊച്ചി: മതനിന്ദയുടെ പേരിൽ ഭീഷണി നേരിടുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ‘ടർക്കിഷ് തർക്കം’ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ചിത്രത്തിലെ പ്രധാന താരം ലുക്മാൻ. അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്തപെട്ടവരിൽ നിന്ന് വ്യക്തമായ ഉത്തരം തനിക്ക് കിട്ടിയില്ലെന്ന് ലുക്മാൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണ് എന്നാണ് തന്റെ അറിവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവി​ല്ലെന്നും നടൻ പറഞ്ഞു. ‘സിനിമയിലെ അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശ്യങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്’ -ലുക്മാൻ കുറിപ്പിൽ പറഞ്ഞു.

തിയറ്ററിൽ ആളുകയറാതെ പരാജയപ്പെട്ട സിനിമയെ രക്ഷിച്ചെടുക്കാന്‍ വ്യാജമായി സൃഷ്ടിച്ചെടുത്ത വിവാദമാണ് മതനിന്ദയും ഭീഷണിയും എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാദം ബലപ്പെടുത്തുന്ന തരത്തിൽ നടന്റെ പ്രതികരണം. പടം പിൻവലിക്കുന്ന കാര്യം ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.

അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശ്യങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.

Tags:    
News Summary - turkish tharkkam controversy actor lukman avaran reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.