കഴിവുള്ളവരെ അഭിനന്ദിക്കുന്നതിൽ ഒരു മടിയും കാണിക്കാത്തയാളാണ് പ്രമുഖ വ്യവസായ ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ഇത്തരമൊരു അഭിനന്ദനം നടത്തുന്നതിനിടയിൽ അദ്ദേഹത്തിന് ചെറിയൊരു പിഴവ് പറ്റി. പങ്കുവെച്ച വീഡിയോയിൽ കളരിപ്പയറ്റ് നടത്തുന്നത് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് കാപ്ഷനിൽ അദ്ദേഹം അത് സൂചിപ്പിച്ചു. മലയാളി ബാലൻ നീലകണ്ഠെൻറ കളരിപ്പയറ്റ് വീഡിയോ ആയിരുന്നു അത്. തെറ്റുതിരുത്തി നീലകണ്ഠൻ മറുപടി നൽകിയതോടെ തെറ്റ് തിരുത്താനും ഖേദം പ്രകടിപ്പിക്കാനും ആനന്ദ് മഹീന്ദ്ര തയാറാകുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ നീലകണ്ഠെൻറ കളരിപ്പയറ്റ് വീഡിയോ പങ്കുവെച്ചത്. 'മുന്നറിയിപ്പ്: ഈ പെൺകുട്ടിയുടെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല, കളരിപ്പയറ്റിന് നമ്മുടെ കായിക മുൻഗണനകളിൽ സുപ്രധാന സ്ഥാനം നൽകേണ്ടതുണ്ട്. ഇത് തീർച്ചയായും ലോകശ്രദ്ധ പിടിച്ചുപറ്റും'- എന്ന കാപ്ഷനും അദ്ദേഹം നൽകി. ഒരു ഹ്രസ്വസിനിമയുടെ ചിത്രീകരണത്തിനായി മുടി നീട്ടിവളർത്തിയ നീലകണ്ഠൻ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അദ്ദേഹത്തിെൻറ കാപ്ഷൻ.
ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മറുപടിയുമായി നീലകണ്ഠൻ രംഗത്തെത്തി. 'താങ്കളുടെ പിന്തുണക്കും പ്രോത്സാഹനത്തിനും വളരെയധികം നന്ദി. ഒരു ചെറിയ തിരുത്തുണ്ട്-ഞാൻ പെൺകുട്ടിയല്ല. പത്ത് വയസ്സുള്ള ആൺകുട്ടിയാണ്. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വചിത്രത്തിനുവേണ്ടി മുടി വളർത്തുകയാണ്'- 'പ്രിൻസ് ഓഫ് കളരിപ്പയറ്റ്' എന്ന തെൻറ അക്കൗണ്ടിൽ നിന്ന് നീലകണ്ഠൻ മറുപടി നൽകി.
മറുപടി കണ്ടതോടെ തിരുത്തും ക്ഷമാപണവുമായി എത്താൻ ആനന്ദ് മഹീന്ദ്ര തയാറായി. 'ആയിരംവട്ടം ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ കഴിവ് അപാരമാണ്. പക്ഷേ, നിങ്ങളുടെ മുന്നിൽ വന്നുപെടാതെ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പിൽ ഞാൻ ഉറച്ചുനിൽക്കുന്നു' -അദ്ദേഹം ട്വിറ്ററിലൂടെ മറുപടി നൽകി. കളരിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ നടത്തുന്ന ബാലനാണ് നീലകണ്ഠൻ. 30 മിനിറ്റിൽ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞ് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിട്ടുണ്ട്. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിൽ കൈലാസത്തിൽ വിമുക്തഭടനും എൻ.സി.സി ഉദ്യോഗസ്ഥനുമായ മഹേഷ് കുമാറിെൻറയും സുചിത്രയുടെയും മകനാണ്. സഹോദരി വൈഷ്ണവിയും കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്. ചേർത്തലയിലെ ഏകവീര കളരിപ്പയറ്റ് അക്കാദമിയിൽ ആണ് ഇരുവരുടെയും പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.