എ.ആർ. റഹ്മാന്റെ ട്വീറ്റ് വൈറൽ; 'ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ്' എന്നത് അമിത് ഷായ്ക്കുള്ള മറുപടിയോയെന്ന് ആരാധകർ

ചെ​ന്നൈ: 'ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ്' എന്ന വരി ഉൾപ്പെടുത്തിയുള്ള സംഗീത ഇതിഹാസം എ.ആർ. റഹ്മാന്റെ ട്വീറ്റ് വൈറലാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'ഇം​ഗ്ലീഷിന് പകരം ഹിന്ദി' എന്ന വിവാദ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് 'തമിഴനങ്ക്' അഥവാ തമിഴ് ദേവതയുടെ ചിത്രം എ.ആർ. റഹ്മാൻ ട്വീറ്റ് ചെയ്തത്. കവി ഭാരതിദാസന്റെ 'ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ്' എന്ന വരിയോടെയാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഭാരതിദാസന്റെ 'തമിഴിയക്കം' എന്ന പുസ്തകത്തിലെ വരിയാണിത്. പരമ്പരാ​ഗത തമിഴ് ശൈലിയിൽ വെളുത്ത സാരിയണിഞ്ഞ്, മുടി വിടർത്തിയിട്ട്, കുന്തവുമേന്തി നൃത്തം ചെയ്യുന്ന സ്ത്രീയാണ് ചിത്രത്തിലുള്ളത്. തമിഴ് തായ് വാഴ്ത്ത് അഥവാ തമിഴ് ദേശീയ ​ഗാനത്തിലെ ഒരു വാക്കാണ് തമിഴ് ദേവത എന്നർഥമുള്ള തമിഴനങ്ക്. മനോന്മണ്യം സുന്ദരംപിള്ള എഴുതിയ തമിഴ് തായ് വാഴ്ത്തിന് എം.എസ്. വിശ്വനാഥനാണ് സം​ഗീതം പകർന്നിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.07ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഉടൻ തന്നെ വൈറലായി. പതിനാലായിരത്തിലേറെ തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടു. 65,000ത്തിലേറെ പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.

പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയാണ് വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് അമിത് ഷാ പറഞ്ഞത്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്ന അമിത് ഷായുടെ അഭിപ്രായം ഏറെ വിവാദമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള തമിഴ് നേതാക്കളും തമിഴ് സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നതിനിടെയാണ് എ.ആർ. റഹ്മാന്റെ പോസ്റ്റും ​​ശ്രദ്ധേയമാകുന്നത്.  

Tags:    
News Summary - AR Rahman's post on ‘Goddess Tamil’ went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.