​ദാരുണം ഈ കാഴ്ച... വണ്ടി വിളിക്കാൻ പണമില്ലാത്തതിനാൽ നാലു വയസുകാരിയുടെ മൃതദേഹം ചുമലിലേറ്റി വീട്ടിലെത്തിച്ച് യുവാവ്

ഭോപാൽ: തിരക്കേറിയ റോഡിലൂടെ അപകടത്തിൽ മരിച്ച നാലുവയസുകാരിയുടെ മൃതദേഹം ചുമലിലേറ്റി ബസ് സ്റ്റോപ്പിലേക്ക് നടന്നുനീങ്ങുന്ന യുവാവിന്റെ ചിത്രം ആരുടെയും കരളലിയിക്കുന്നതാണ്. മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാത്തതിനാലാണ് യുവാവ് അനന്തരവളുടെ മൃതദേഹം ചുമലിലേറ്റി വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബസ് സ്റ്റോപ്പിൽ നിന്ന് മൃതദേഹവുമായി യുവാവ് തിരക്കേറിയ ബസിലേക്ക് കയറുന്നതും വിഡിയോയിൽ കാണാം.

അപകടത്തിൽ മരിച്ചതിനെ തുടർന്ന് പോസ്റ്റ്മോർട്ടം ചെയ്യാനാണ് ബാലികയുടെ മൃതദേഹം ഛതർപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അമ്മാവനായ യുവാവ് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിരികെ കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് ആളുക​ളുടെ കണ്ണുനനയിച്ചത്. ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല.

സ്വകാര്യ വാഹനം ഏർപ്പെടുത്താൻ യുവാവിന്റെ കൈയിൽ പണവുമുണ്ടായിരുന്നില്ല. തുടർന്ന് ബസിൽ വീട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ബസ് ടിക്കറ്റിനു പോലും യുവാവിന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. മറ്റൊരു യാത്രക്കാരനാണ് ടിക്കറ്റിന്റെ പണം കൊടുത്തത്.

നാലുമാസം മുമ്പ് പണമില്ലാത്തതിനാൽ നാലുവയസുകാരിയുടെ മൃതദേഹം ചുമന്ന് കൊണ്ട് പോകുന്ന ദമ്പതികളുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണീ സംഭവം. മനഃസാക്ഷിയെ നടുക്കുന്ന രണ്ട് സംഭവങ്ങളും നടന്നത് ഛതർപൂർ ജില്ലയിലാണ്. ജില്ലയിലെ അടിയന്തര സഹായങ്ങളുടെ അപര്യാപ്തതയും ചർച്ചയായിട്ടുണ്ട്.

സമീപ ജില്ലയായ സിലിഗുരിയിലും ചാപിള്ളയായി പിറന്ന കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബൈക്കിന്റെ ബോക്സിൽ വെച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവർക്കും ആശുപത്രിയിൽ നിന്ന് വാഹന സൗകര്യം നിഷേധിക്കുകയായിരുന്നു. അധികൃതരുടെ വീഴ്ചക്കെതിരെ ദമ്പതികൾ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Body on shoulder, Madhya Pradesh man walks on busy road to bus stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.