മനുഷ്യന്‍റെ ഏറ്റവുമടുത്ത വളർത്തുമൃഗങ്ങളാണ് നായ്ക്കൾ. തന്‍റെ പ്രിയപ്പെട്ടവരുടെ സുരക്ഷക്കായി ഏത് സാഹസികതയ്ക്കും തയാറാകുമെന്നതാണ് നായ്ക്കളുടെ പ്രത്യേകത. ആത്മാർഥതയുടെ പര്യായമായാണ് നായ്ക്കളെ വിശേഷിപ്പിക്കുന്നത്.
പത്തുവയസുകാരിയായ പെൺകുട്ടിയെ ചെന്നായയിൽ നിന്ന് രക്ഷിക്കാൻ സാഹസത്തിനൊരുങ്ങിയ നായ്ക്കുട്ടിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കാനഡയിലെ ടൊറന്‍റോയിലാണ് സംഭവം.
യോർക്ഷെയർ ടെറിയർ എന്ന ഇനത്തിലുള്ള കുഞ്ഞൻ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയതായിരുന്നു പത്തുവയസുകാരിയായ ലിലി ക്വാൻ. ഈ സമയത്താണ് ഭീമനൊരു ചെന്നായ് ആക്രമിക്കാനെത്തിയത്. പേടിച്ചരണ്ട പെൺകുട്ടി നിലവിളിച്ച് ഓടി. എന്നാൽ, ആറ് വയസ് പ്രായമുള്ള നായ്ക്കുട്ടി സധൈര്യം ചെന്നായയെ നേരിടുകയായിരുന്നു.
പെൺകുട്ടിയുടെ പിന്നാലെ ഓടിയ ചെന്നായയെ തടഞ്ഞുനിർത്തിയ നായ്ക്ക് കടിയേറ്റ് പരിക്ക് സംഭവിച്ചെങ്കിലും പിന്തിരിഞ്ഞില്ല. ചെന്നായയെ പിറകേ ഓടി തുരത്തുന്നത് വിഡിയോയിൽ കാണാം.
അടുത്ത വീട്ടിലെ സിസിടിവി കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വളർത്തുനായയുടെ ആത്മാർഥതയേയും ധീരതയെയും പുകഴ്ത്തുകയാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.