ബസ്സിലും മറ്റും പോകുമ്പോൾ ഡ്രൈവർമാർ വണ്ടി നിർത്തി അവരുടെ ഭക്ഷണപൊതികൾ വാങ്ങിക്കുന്നത് നമ്മൾ കാണാറുണ്ട്. ഇതേ രീതിയിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഭക്ഷണം വാങ്ങാനായി ഡ്രൈവർ നിർത്തിയത് ട്രെയിനാണെന്ന വ്യത്യാസം മാത്രം.
രാജസ്ഥാനിൽ നിന്നുള്ള വിഡിയോയിൽ അൽവാറിലെ റെയിൽവേ ക്രോസിങ്ങിൽ ട്രെയിൻ നിർത്തുന്നതും ട്രാക്കിന് സമീപത്ത് നിൽക്കുന്ന ആളിൽ നിന്ന് ലോക്കോപൈലറ്റ് ഒരു പൊതി വാങ്ങുന്നതുമാണ് കാണിക്കുന്നത്. പൊതിയിൽ ഇന്ത്യന്‍ വിഭവമായ കച്ചോരിയാണ് ഉണ്ടായിരുന്നത്.
ലെവൽ ക്രോസിന് ഇരുപുറവും വണ്ടികൾ ട്രെയിൻ കടന്നുപോകാനായി കാത്തിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവരെയൊന്നും കൂസാതെയാണ് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി പലഹാരം വാങ്ങി യാത്ര തുടരുന്നത്.
കഴിഞ്ഞവർഷം സമാനമായ മറ്റൊരു സംഭവത്തിൽ ട്രെയിൻ നിർത്തി തൈര് വാങ്ങിയതിന് പാക്കിസ്ഥാനിൽ ലോക്കോപൈലറ്റിനെയും സഹായിയെയും സസ്‌പെൻഡ് ചെയ്തിരുന്നു. കൻഹ റെയിൽവേ സ്റ്റേഷന് സമീപത്ത് ട്രെയിൻ നിർത്തുന്നതും ഡ്രൈവറുടെ സഹായി കടയിൽ നിന്ന് തൈര് വാങ്ങുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്. പാക് റെയിൽവേ മന്ത്രിയായിരുന്ന അസം ഖാൻ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.