ഒർഹാനും ഇഷാനും

ഫ്ലയിങ് കിഡ്സ്...

കാഴ്ചക്കാരുടെ കിളിപറത്തുന്ന ‘പറക്കും ബ്രദേഴ്സിന്റെ നമ്പറുകൾ’ സോഷ്യൽ മീഡിയയിൽ ഒരിക്കലെങ്കിലും കാണാത്തവരുണ്ടാവില്ല. സംഗതി കിടുവാണ്. പിള്ളേർ കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങൾ കണ്ട് അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രായമായവർ മുതൽ കുട്ടികൾ വരേയുള്ള ഫാൻസിനെ ത്രില്ലടിപ്പിക്കാനുള്ള വെറൈറ്റി ഐറ്റങ്ങളുമായാണ് ഓരോ വരവും. മക്കളെ ‘പറപ്പി’ക്കാൻ ഉറച്ച് ‘കട്ട സപ്പോർട്ടു’മായി മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്.


സമൂഹമാധ്യമത്തിൽ താരങ്ങളായ ഒമ്പതു വയസ്സുകാരനായ എം.ടി.ബി ഫ്രീസ്റ്റൈലർ ഇഷാന്റെ കിടിലൻ പെർഫോമൻസുകൾ ഇന്ന് വൈറലാണ്. പുതിയ തലമുറയുടെ ഹരമായി മാറിയ പാർക്കൗറിൽ ക്ലാസ് ഐറ്റങ്ങളുമായി അത്ഭുതപ്പെടുത്തുന്ന ഏഴു വയസ്സുകാരൻ സഹോദരൻ ഒർഹാനും കൂടിയാൽ പിന്നെ ‘കളി’ മാറും. ചെറിയ പിഴവുകൾപോലും വലിയ അപകടങ്ങൾക്കു വഴിവെക്കുന്ന ഫ്രീസ്റ്റൈലും പാർക്കൗറും അസാധ്യ മെയ്‍വഴക്കത്തോടെ ചെയ്യുന്ന പത്തനംതിട്ട റാന്നി വെണ്ണിക്കുളം സ്വദേശികളായ കുട്ടിക്കുറുമ്പുകളുടെ വിശേഷത്തിലേക്ക്...

സൈക്കിളിൽ പറക്കുന്ന ഇഷാൻ

സൈക്കിളിൽ കയറിയിരുന്നാൽ പിന്നെ ഇഷാന് ചിറക് രണ്ടാണ്. നിലത്തുനിൽക്കാതെ പറപറക്കും, ഒറ്റ ടയറിലും നിന്നും ഇരുന്നും കിടന്നും അങ്ങനെ പല ഐറ്റങ്ങൾ... അലങ്കാരപ്പനയിൽ ചാരി നിൽക്കുന്ന ഉമ്മക്ക് സൈക്കിളിൽ പാഞ്ഞുവന്ന് തൊട്ടുമുന്നിൽ ബ്രേക്കിട്ട് ബാക്ക് വീൽ ഉയർത്തി നെറ്റിയിൽ മുത്തമിടുന്ന ഇഷാന്റെ വിഡിയോ ഇതിനകം വൈറലായിരുന്നു. ‘സ്റ്റോപീ വിത്ത് ഉമ്മി’ എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്ത വിഡിയോക്ക് കാഴ്ചക്കാർ ഏറെയായിരുന്നു.


‘കിഡീസ് സ്കൂപ്’ എന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലിലൂടെ കണ്ണോടിച്ചാൽ അതുക്കുംമേലെയാണ് ഇവരുടെ ‘നമ്പറുകൾ’. എട്ടാം വയസ്സിലാണ് ഇഷാൻ പരിശീലനം തുടങ്ങിയത്. വീലീ, സ്റ്റോപീ, രണ്ടു തരത്തിലുള്ള സ്വിച്ച് ബാക്ക്, ട്രാക്ക് സ്റ്റാൻഡ്, ട്രാക്ക് വിത്ത് ഔട്ട്ഹാൻഡ്, സ്ലോ റേസ്, ബണ്ണി ഹോപ്, റോളിങ് സ്റ്റോപീ, ജംപിങ് വീലീ, ഫ്ലിപ് ഹാൻഡിൽ ബാർ, സ്റ്റോപീ + വീലീ, എൻറോ, ക്രിസ്റ്റ്, ഹാൻഡ് ക്രാബ്, വൺ ഹാൻഡ് വീലീ, മാന്വൽ വീലീ, ഡെൽത്ത് സ്പിൻ എന്നിങ്ങനെ പതിനേഴോളം എം.ടി.ബി ഫ്രീസ്റ്റൈലിങ്ങുകളിൽ മിടുക്കനാണ്. കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ല അണ്ടർ-14 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചെങ്കിലും എം.ടി.ബി ഫ്രീസ്റ്റൈലിൽ മാത്രം ശ്രദ്ധപതിപ്പിക്കുന്നതിനാൽ പങ്കെടുത്തില്ല.

പാർക്കൗർ നമ്പറുകളുമായി ഒർഹാൻ

മലയാളികൾക്ക് കണ്ടുപരിചയമില്ലാത്ത ആക്​ഷൻ രംഗങ്ങളായിരുന്നു 2018ൽ പുറത്തിറങ്ങിയ ‘ആദി’ സിനിമയിലെ പ്രധാന ഹൈലൈറ്റ്. കെട്ടിടങ്ങളിൽ വേഗത്തിൽ കുതിച്ചുകയറാനും മതിലുകൾക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാർക്കൗർ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ഹിറ്റായതോടെ പാർക്കൗറിന് ആരാധകരും ഏറി. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമായ പാർക്കൗറിൽ മിടുക്കനാണ് ഒർഹാൻ.

വീൽകാർട്ട്, ബാക്ക് ഫ്ലിപ്, ഫ്രണ്ട് ഫ്ലിപ്, ഫ്രണ്ട് ഹാൻഡ് സ്പ്രിങ്, ബാക്ക് ഹാൻഡ് സ്പ്രിങ്, ഫ്ലൈ, വീൽകാർട്ട് ഫ്ലിപ് കോംബോ, റോളിങ് തുടങ്ങി ഒമ്പതോളം ചലനരീതിയിൽ പരിശീലനം നേടിയിട്ടുണ്ട്. ആറുമാസം മുമ്പാണ് പരിശീലനം തുടങ്ങിയത്. ഓട്ടം, ചാട്ടം, വലിഞ്ഞുകയറ്റം, തൂങ്ങിയാട്ടം, കരണംമറിച്ചിൽ, ഉരുളൽ, നാലുകാലിൽ നടക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വന്തം ചലനങ്ങളെ ക്രമീകരിച്ച് അപകടങ്ങൾ മറികടക്കുക എന്നതാണ് പാർക്കൗറിന്റെ തിയറി.

സോഷ്യൽ മീഡിയയിലെ ഫേവറിറ്റുകൾ

പോസ്റ്റ് ചെയ്യുന്ന വിഡിയോകൾക്ക് പോസിറ്റിവും നെഗറ്റിവുമായി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഒരു വർഷം മുമ്പാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ട് ആറുമാസവും. പ്രധാന ഇവന്റുകളുടെ ചട്ടമനുസരിച്ച് 12 വയസ്സെങ്കിലും പൂർത്തിയാവാതെ മത്സരിക്കാൻ സാധിക്കില്ലെങ്കിലും കേരളത്തിനകത്തെയും പുറത്തെയും ഇവന്റുകളിൽ പ്രാക്ടീസ് എന്ന നിലക്ക് ഇഷാൻ പങ്കെടുക്കാറുണ്ട്. പിതാവ് ഷമീം തന്നെയാണ് ഇരുവരുടെയും പരിശീലകൻ. ഇരുവരെയും സപ്പോർട്ട് ചെയ്ത് ഉമ്മ നിസയും ഇടക്ക് വിഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

സുരക്ഷക്കാണ് പ്രാധാന്യം

‘തുടക്കം പരിശീലനത്തിനിടെ രണ്ടാൾക്കും അപകടങ്ങളും പരിക്കുകളും പതിവായിരുന്നു. അക്കാരണത്താൽ ബന്ധുക്കളും നാട്ടുകാരും സ്നേഹപൂർവം വേണ്ടെന്ന് ഉപദേശിച്ചു. എന്നാൽ, അപ്പോഴേക്കും അഭ്യാസപ്രകടനങ്ങൾ രണ്ടാൾക്കും ഹരം നൽകിത്തുടങ്ങിയിരുന്നു. അവരുടെ താൽപര്യംകൊണ്ടുമാത്രമാണ് ഇത്രയും പെട്ടെന്ന് റിസ്കുള്ള ഐറ്റങ്ങളെല്ലാം എളുപ്പം പഠിച്ചെടുക്കാനായത്. സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ചശേഷം മാത്രമേ പരിശീലനം നടത്താറുള്ളൂ.

തലയിടിച്ചും നടുകുത്തിയും വീഴാനും വൻ പരിക്കുകളേൽക്കാനും ഏറെ സാധ്യതയുള്ളതിനാൽ മെയ്‌വഴക്കവും കഠിന പരിശീലനവും അത്യാവശ്യമാണ്. കൃത്യവും ഗുണമേന്മയുള്ളതുമായ സുരക്ഷാപാഡുകൾക്കു പുറമെ സ്പോഞ്ചും മറ്റും അധികമായി ഉപയോഗിച്ച് റിസ്ക് ഏറ്റവും കുറഞ്ഞ രീതിയിലാണ് പരിശീലനം. ദിവസവും വൈകീട്ട് ഒരു മണിക്കൂറുള്ള പരിശീലനം മുടക്കാറില്ല. വീടിനടുത്തുള്ള സെന്റ് ബെഹനാൻസ് ഓർത്തഡോക്സ് പള്ളിമുറ്റത്താണ് പരിശീലനം.


വിവിധ വിഭാഗത്തിലുള്ള പത്തോളം സൈക്കിളാണ് ഇതിനകം വാങ്ങിയത്. 50,000 രൂപക്കു മുകളിലാണ് ഓരോന്നിന്റെയും വില. സൈക്കിൾ, എക്സ്ട്രാ ഫിറ്റിങ്സ്, സുരക്ഷാ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള അനുബന്ധമായവ വാങ്ങാനുള്ള ചെലവും ഭാരിച്ചതാണ്. റിസ്കും പരിമിതിയും കാരണം തൽക്കാലം മറ്റുള്ളവരെ പരിശീലിപ്പിക്കാനും ഉദ്ദേശിക്കുന്നില്ല’ - പിതാവ് ഷമീം പറഞ്ഞു.

എല്ലാത്തിലും കൃത്യമായ ഷെഡ്യൂളുണ്ട്

‘ധൈര്യവും താൽപര്യവും കമ്മിറ്റ്മെന്റും ഉണ്ടെങ്കിൽ ആർക്കും പഠിക്കാവുന്നതും നേടാവുന്നതുമായ കാര്യങ്ങളേ ഈ ലോകത്തുള്ളൂ. കുട്ടികളാണെങ്കിൽ അവരുടെ താൽപര്യംകൂടി മനസ്സിലാക്കി മുന്നോട്ടുപോകണമെന്നുമാത്രം. എനിക്ക് സ്പോർട്സിൽ നല്ല താല്പര്യമുണ്ട്, അതേ താല്പര്യം മക്കൾക്കും ഉണ്ടെന്നു മനസ്സിലാക്കിയതോടെയാണ് ഞങ്ങൾ ഇതിന് ഇറങ്ങിത്തിരിച്ചത്.

വീട്ടിൽ എല്ലാത്തിലും കൃത്യമായ ഷെഡ്യൂളുണ്ട്. മക്കൾ മൊബൈൽ ഉപയോഗിക്കാറേയില്ല. ബാലൻസിങ്ങും കോൺസൻട്രേഷനും അത്യന്താപേക്ഷിതമായ മേഖലയായതുകൊണ്ട് അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ ദിവസവും ഒരു ഗിഫ്റ്റ് എന്ന ‘തന്ത്ര’മാണ് പ്രയോഗിച്ചത്. ഞങ്ങളും അവർക്കിടയിൽ മൊബൈൽ പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിൽ ടി.വിയും ഇല്ല.

നിയന്ത്രണംകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്, പഠനത്തിലും പ്രാക്ടീസിലും ഗുണമുണ്ടായിട്ടുണ്ട്’- ഉമ്മ നിസ പറഞ്ഞു. ഇഷാൻ നാലിലും ഒർഹാൻ ഒന്നാം ക്ലാസിലുമാണ്. റാന്നി സിറ്റാഡെൽ ​െറസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികളാണ്. ഷമീം മെഡിക്കൽ റെപ്രസന്റേറ്റിവാണ്. നിസ ഫാർമസിസ്റ്റും. നിസയുടെ ജോലി ആവശ്യാർഥം മൂന്നുമാസം മുമ്പാണ് കോന്നിയിൽനിന്ന് വെന്നിക്കുളത്തേക്ക് താമസം മാറിയത്.

Tags:    
News Summary - Flying Kids...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.