ലാല്ലേ ലാല്ലേ ലാല്ലാല്ലി ലാലില്ലല്ലേ... അധ്യാപികയുടെ പാട്ടിനൊപ്പം ക്ലാസിലെ ഡെസ്കിൽ താളം പിടിക്കുന്ന അഞ്ചാം ക്ലാസുകാരൻ. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഭിജിത്തും സംഗീതാധ്യാപിക അഞ്ജന എസ്. കുമാറുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
ഗോത്രഭാഷയിലെ പാട്ടിനൊപ്പം ഡെസ്കിൽ താളവിസ്മയം തീർക്കുകയായിരുന്നു അഭിജിത്. പാട്ടിനൊപ്പം പതുക്കെ താളം കൊട്ടിത്തുടങ്ങിയ അഭിജിത്ത് നിമിഷനേരം കൊണ്ട് ഡെസ്കിൽ കൊട്ടിക്കയറി. പാട്ട് മുറുകിയപ്പോൾ താളം അതിലും മുറുകി.
ഒന്നര മിനിറ്റ് വിഡിയോയിലൂടെ അഭിജിത്തിന്റെ താളവും ടീച്ചറുടെ ശബ്ദവും ഒറ്റത്തവണ കേട്ടാൽ മനസ്സിൽ വീണ്ടും തങ്ങിനിൽക്കും. തന്റെ പാട്ടിന് താളംകൊട്ടുന്ന അഭിജിത്തിന്റെ വിഡിയോ അഞ്ജനതന്നെ വിഡിയോയിൽ പകർത്തുകയായിരുന്നു. പിന്നീട് അഭിജിത്തിന്റെ ക്ലാസ് ടീച്ചർ പി. അർഷിത വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം സമൂഹമാധ്യമലോകം വിഡിയോ ഏറ്റെടുത്തു. മന്ത്രിമാരുൾപ്പെടെ അഭിജിത്തിന്റെ വിഡിയോ ഷെയർ ചെയ്തു.
കാട്ടിക്കുളം അമ്മാനി കോളനിയിലെ ബിജുവിന്റെയും ആതിരയുടെയും മകനാണ് അഭിജിത്ത്. വെള്ളമുണ്ട എട്ടേനാൽ സ്വദേശിനിയാണ് അഞ്ജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.