മിത്തിനെയും ശാസ്ത്രത്തെയും കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസംഗം സംഘ്പരിവാർ വിവാദമാക്കുന്നതിനിടെ, മോദിയുടെ പഴയ പ്രസംഗം വൈറലാകുന്നു. ആനയുടെ തല മനുഷ്യശരീരത്തിൽ ചേർത്തുവെച്ച് ഗണപതിയെ സൃഷ്ടിച്ചത് അക്കാലത്തെ ഏതോ പ്ലാസ്റ്റിക് സർജൻ ആയിരിക്കുമെന്നും കർണൻ ഒരു ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും മോദി അഭിപ്രായപ്പെടുന്നതാണ് വിഡിയോയിൽ ഉള്ളത്.
2014ൽ മുംബൈയിലെ റിലയൻസ് ഹോസ്പിറ്റൽ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. ഇതുകൂടാതെ 2011 ജൂലൈ 15ന് നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിലും ഇക്കാര്യം പറയുന്നുണ്ട്. “മഹാഭാരതം വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടുള്ളവരുടെ ശ്രദ്ധ ഇതിഹാസത്തിലേക്ക് ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മളെല്ലാം മഹാഭാരതത്തിൽ കർണനെക്കുറിച്ച് വായിച്ചിട്ടുണ്ട്. കർണൻ അമ്മയുടെ ഉദരത്തിൽ നിന്നല്ല ജനിച്ചതെന്ന് മഹാഭാരതം പറയുന്നുണ്ടെന്ന് നമുക്ക് മനസ്സിലാകും. പുരാതന ഇന്ത്യക്കാർ പണ്ടുമുതലേ വൈദ്യശാസ്ത്രത്തിൽ വ്യാപൃതരായിരുന്നു. ജനിതക ശാസ്ത്രം അക്കാലത്ത് ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം. കർണന്റെ ജനനം മൂലകോശ സാങ്കേതിക വിദ്യയിലൂടെയാണ് എന്നാണ് എന്റെ പരിമിതമായ ധാരണ. അതുകൊണ്ടാണ് കർണൻ അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് ജനിക്കുന്നത്’ -എന്നാണ് കർണന്റെ ജനനത്തെ കുറിച്ച് മോദി അവകാശപ്പെടുന്നത്.
തുടർന്ന് ഗണപതിയെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: “നമ്മൾ ഗണപതിയെ ആരാധിക്കുന്നു. ആനയുടെ തല മനുഷ്യന്റെ ശരീരത്തിൽ ചേർത്തുവെച്ച് പ്ലാസ്റ്റിക് സർജറി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയ ഏതെങ്കിലും പ്ലാസ്റ്റിക് സർജൻ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം.’
ഇത്തരം അവകാശവാദങ്ങൾക്കെതിരെയായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രസ്തുത പ്രസംഗം. മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത്.
‘‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്.
ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം മിത്തുകളെ വയ്ക്കുന്നു. പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.
ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. ഐ.വി.എഫ് ട്രീറ്റ്മെന്റിന് പോകാറുണ്ട്. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോൾ ഇരട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോൾ ചിലർ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.
വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത്, ചിലപ്പോൾ പരിക്കുപറ്റി കൊണ്ടുവരുമ്പോൾ ചില പെൺകുട്ടികളുടെ മുഖത്ത് കല വന്നാൽ ഡോക്ടർമാർ ചോദിക്കും, അല്ലാ.. നോർമൽ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സർജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ, പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്.
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.’ -എന്നായിരുന്നു ഷംസീർ പ്രസംഗിച്ചത്.
വിവരങ്ങൾക്ക് കടപ്പാട്: ദി പ്രിന്റ്, ആൾട്ട് ന്യൂസ്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.