നോബൽ സമ്മാന ജേതാവും പാക് വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് സായിയുടെ ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത്. തന്റെ വിവാഹാനന്തര ജീവിതത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഒരു ട്വീറ്റാണ് മലാല പങ്കുവെച്ചിരിക്കുന്നത്. മറ്റൊന്നുമല്ല, ഭർത്താവിന്റെ മുഷിഞ്ഞ സോക്സ് സോഫയിൽ കണ്ടപ്പോൾ അതെങ്ങനെ കൈകാര്യം ചെയ്യണം എന്നാണ് ട്വീറ്റിൽ പറയുന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മാനേജരായ അസർ മാലിക്കിനെയാണ് 25കാരിയായ മലാല വിവാഹം കഴിച്ചത്.
''സോഫയിൽ സോക്സ് കണ്ടപ്പോൾ ഞാൻ അസറിനോട് അത് അദ്ദേഹത്തിന്റെതാണോ എന്നു തിരക്കി. അത് അഴുക്കു നിറഞ്ഞതാണെന്ന് അസർ പറഞ്ഞപ്പോൾ ഞാനത് വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു''-എന്നാണ് മലാല കുറിച്ചത്.
ഇതിനു മറുപടിയായി മുഷിഞ്ഞ സോക്സുകൾ സോഫയിൽ കണ്ടാൽ എന്തുചെയ്യണം? അത് അലക്കാനുള്ള വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റണം, അല്ലെങ്കിൽ വേസ്റ്റ് ബിന്നിലേക്ക് എറിയണം-എന്നിങ്ങനെ രസകരമായ കുറിപ്പും അസർ പങ്കുവെച്ചിട്ടുണ്ട്. ബോയ്ഫ്രണ്ടിനോട് ചോദിക്കൂ എന്ന ഹാഷ്ടാഗോട് കൂടിയാണ് അസർ ട്വീറ്റ് ചെയ്തത്.
ട്വീറ്റിന് 8000 ലൈക്കും നിരവധി പ്രതികരണവും ലഭിച്ചിട്ടുണ്ട്. പലരും മലാലയുടെ നീക്കത്തെ പ്രശംസിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് സ്വാഗതം എന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്. വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് മലാലയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നാണ് മറ്റൊരു കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.