ന്യൂഡൽഹി: ബോണി എം ബാൻഡിന്‍റെ 'റാ റാ റാസ്പുടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന് തുടങ്ങുന്ന ഗാനം ലോകപ്രശസ്തമാണ്. ഈ ഗാനത്തിന് ചുവടുവെച്ച രണ്ട് മലയാളി മെഡിക്കൽ വിദ്യാർഥികളാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി എം. ഓംകുമാറും നവീൻ കെ. റസാഖുമാണ് സ്റ്റൈലിഷ് സ്റ്റെപ്പുകളുമായി അരങ്ങ് തകർത്തത്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്.
നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ വീണുകിട്ടുന്ന വിലയേറിയ ഒഴുവുസമയമാണ് ഇവർ ഇത്തരത്തിൽ ചെലവിടുന്നത്.
മാരക ഫൂട്ട്വർക്കുകളും, ഒരു രക്ഷയുമില്ലാത്ത ഭാവങ്ങളും അനായാസേനയുള്ള ചലനങ്ങളുമായി ഇരുവരും നെറ്റിസൺസിന്‍റെ ഹൃദയത്തിലേക്കാണ് ചുവടുവെച്ച് കയറിയത്. വൈറൽ ഡാൻസേഴ്സിന്റെ സ്റ്റെപ്പുകളെ മാത്രമല്ല അവർ തെരഞ്ഞെടുത്ത ഗാനവും നന്നായിരിക്കുന്നുവെന്ന് അഭിനന്ദിക്കുന്നവരും കുറവല്ല.
പരീക്ഷ സമ്മർദ്ദങ്ങളിൽ നിന്നും ഇടവേള നേടാനായിട്ടാണ് ഇരുവരും കോളജിൽ വെച്ച് ഇഷ്ടഗാനത്തിന് ചുവടുവെച്ചത്. വെറും രണ്ട് മണിക്കൂറിനിടയിലാണ് ഈ ഡാൻസിങ് പരീക്ഷണം. ക്ലാസിന് ശേഷം കണ്ടുമുട്ടിയ ഇരുവരും യൂനിഫോമിൽ തന്നെ ഡാൻസ് ചെയ്യുകയായിരുന്നു.
30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ നവീനാണ് ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിന് ദക്ഷിണേന്ത്യയിലെ പ്രമുഖ നൃത്ത സംവിധായകനായ പ്രസന്ന സുജിത്ത് കൈയ്യടിച്ചിരുന്നു. നവീന്‍റെ ഇൻസ്റ്റ റീൽസ് വിഡിയോ ഇതിനോടകം 2.3 ദശലക്ഷം ആളുകൾ കണ്ടു.
സംഗതി ഹിറ്റായതോടെ വിഡിയോ ട്വിറ്ററിലും തരംഗമായി. ജാനകിയുടെ യൂട്യൂബ് ചാനലിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററിൽ 2.7 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ് വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.