ദത്തെടുത്ത മകളെ എല്ലാ സൗഭാഗ്യങ്ങളോടെയും വളർത്തി മലേഷ്യക്കാരുടെ ഹൃദയം കവർന്ന ചൈനീസ് വംശജക്ക് പ്രശസ്തമായ പെർദാന മൗലിദുർ റസൂൽ അവാർഡ് സമ്മാനിച്ച് മലേഷ്യയുടെ ആദരം. ചീ ഹോയ് ലാൻ എന്ന 83കാരിയായ ചൈനീസ് കിന്റർഗാർട്ടൻ റിട്ട. അധ്യാപികക്കാണ് മുസ്‍ലിംകൾക്ക് മാത്രം നൽകിയിരുന്ന അവാർഡ് സമ്മാനിച്ചത്.
തന്റെ വളർത്തുമകൾ രൊഹാന അബ്ദുല്ലയോടുള്ള ഇവരുടെ നിസ്വാർഥ സ്നേഹത്തിന്റെ കഥ ഈ വർഷം ആദ്യം വൈറലായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടാനുള്ള രൊഹാനയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ജനിച്ച മതത്തിൽ തന്നെ വളർത്തുകയും ചെയ്താണ് ഇവർ ശ്രദ്ധ നേടിയത്.
രൊഹാനയെ അവളുടെ ഇന്തോനേഷ്യക്കാരിയായ മാതാവ് രണ്ട് മാസമായപ്പോഴേക്കും ഉപേക്ഷിച്ചിരുന്നു. അമുസ്‌ലിം ആയിട്ടും ചീ ഹോയ് ലാൻ രൊഹാനയെ മുസ്‍ലിമായി തന്നെ വളർത്തി. അവസാനം 22ാം വയസ്സിൽ മലേഷ്യൻ പൗരത്വവും രൊഹാനക്ക് ലഭിച്ചു.
സ്വന്തം ചെലവിൽ കുട്ടിയെ 'കഫ' എന്ന സ്കൂളിൽ ചേർത്ത ചീ ഹോയ് ലാൻ, അവിടെ മത വിദ്യാഭ്യാസം ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയിരുന്നു. കൂടാതെ, കുട്ടിയെ വളർത്തുമ്പോൾ, വംശത്തിന്റെയും മതത്തിന്റെയും പ്രശ്നം ഉയർന്നുവരുമെന്ന് മനസ്സിലാക്കിയിട്ടും വളർത്തു മകൾക്ക് വേണ്ടി മുന്നോട്ട് പോയി.
പെർദാന മൗലിദുർ റസൂൽ പുരസ്‌കാരം സാധാരണയായി മുസ്‍ലിംകൾക്കാണ് നൽകാറ്. എന്നാൽ, അവളുടെ അസാധാരണ കഥയും ദത്തെടുത്ത മാതാവ് എന്ന നിലയിലുള്ള അർപ്പണബോധവും അവാർഡിന് അർഹയാക്കുകയായിരുന്നു. ക്വാലാലംപൂരിൽ പ്രധാനമന്ത്രി ദാതുക് സെരി ഇസ്മായിൽ സബ്‌രി യാക്കൂബ്, പ്രധാനമന്ത്രിയുടെ മതകാര്യ വകുപ്പ് മന്ത്രി ദത്തോക് ഇദ്രിസ് അഹ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാരദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.