ലോസ് എയ്ഞ്ചലസ്: ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ ഒരു പനയുടെ മുകളിൽ നിന്നും അതേമരം തന്നെ മുറിക്കുന്ന ഒരാളുടെ വിഡിയോ ദശലക്ഷക്കണക്കിനാളുകളെയാണ് സ്തബ്ധരാക്കിയത്.
മുൻ അമേരിക്കൻ ബാസ്കറ്റ്ബാൾ താരം റെക്സ് ചാപ്മാനാണ് വിഡിയോ ട്വിറ്ററിലിട്ടത്. പകുതിയോളം ചാഞ്ഞിരിക്കുന്ന ഉയരമേറിയ മരത്തിൻെറ മുകളിൽ കയറിയിരിക്കുകയാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നയാൾ. മെഷീൻ ഉപയോഗിച്ചാണ് മരം മുറിക്കുന്നത്.
പനയുടെ ഇലകൾ ഉൾകൊള്ളുന്ന മുകൾ ഭാഗം മുറിഞ്ഞ് താഴെ വീണതോടെ പന ആടി ഉലയുന്ന കാഴ്ചയാണ് കാണാനാകുക. മരത്തിലിരിക്കുന്നയാൾ താഴെ വീഴുമെന്നാണ് ഏവരും കരുതിയത്. എന്നാൽ അയാൾ മരത്തിൽ അള്ളിപ്പിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച ട്വിറ്ററിൽ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം 6.6 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. 23000ത്തിലധികം ആളുകളാണ് വിഡിയോ റീട്വീറ്റ് ചെയ്തത്.
'അയാൾ പറന്നുപോകുമെന്ന് കരുതിയവർ കൈ പൊക്കുക' -ഒരാൾ കമൻറടിച്ചു. എന്തുകൊണ്ട് അദ്ദേഹത്തിന് താഴെ നിന്ന് കൊണ്ട് മരം മുറിച്ചു കൂടെയെന്ന് ഒരാൾ ചോദിക്കുന്നതിന് വിശദീകരണവും ചിലർ നൽകുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളും വൈദ്യുത സംവിധാനങ്ങളും തകരാറിലാക്കുമെന്നതിനാലാണ് അദ്ദേഹം തെൻറ ജീവൻ പണയം വെച്ച് അത്തരമൊരു 'റിസ്ക്' എടുത്തതെന്നാണ് വിശദീകരണം.
'ഇത്തരം മരങ്ങൾ ലോസ് എയ്ഞ്ചലസിൽ ധാരാളമുണ്ട്. എല്ലാ ഭാഗങ്ങളിലും വീടുകളാണ്. മരം കടപുഴകി ജീവഹാനി സംഭവിക്കാറുമുണ്ട്.'- ഒരാൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.