ഹൈദരാബാദ്: ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ സിംഹത്തിന്‍റെ മുന്നിൽ അകെപ്പട്ട 31കാരനെ രക്ഷപ്പെടുത്തി. ആഫ്രിക്കൻ സിംഹത്തിന്‍റെ മുമ്പിലാണ് യുവാവ് അകപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
മൃഗശാലയിൽ വലിയ പാറക്കല്ലുകൾ കൊണ്ടുതീർത്ത മതിൽക്കെട്ടിനകത്താണ് സിംഹത്തെ പാർപ്പിച്ചിരിക്കുന്നത്. ജീവനക്കാർക്കല്ലാതെ മറ്റാർക്കും അവിടേക്ക് പ്രവേശനമില്ല. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ 31കാരൻ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സിംഹത്തിന്‍റെ ഗുഹയുടെ സമീപമെത്തുകയായിരുന്നു. ജി. സായ്കുമാർ എന്ന യുവാവാണ് സിംഹത്തിന് മുന്നിൽ അകപ്പെട്ടത്.
പാറക്കല്ലിൽ പിടിച്ചിരുന്ന യുവാവിന്‍റെ താഴെ സിംഹവും തമ്പടിച്ചു. അടിതെറ്റിയാൽ സിംഹത്തിന്‍റെ മുന്നിലേക്കാകും യുവാവിന്‍റെ വീഴ്ച. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റുള്ളവർ ജീവനക്കാരെ വിവരം അറിയിച്ചു. ഇതോടെ സിംഹത്തിന്‍റെ ശ്രദ്ധമാറ്റി യുവാവിനെ രക്ഷപ്പെടുത്താനായി ജീവനക്കാരുടെ ശ്രമം.
യുവാവിനെ ജീവനക്കാർ രക്ഷപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു. സായ്കുമാറിന് സമീപത്തുനിന്ന് സിംഹത്തെ അകറ്റാനായി മറ്റുള്ളവർ ശബ്ദമുണ്ടാക്കുന്നതും വിഡിയോയിൽ കാണാം. സിംഹത്തിന്‍റെ ശ്രദ്ധ തിരിച്ചശേഷമാണ് യുവാവിനെ ജീവനക്കാർ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുന്നതിനിടെ സായ്കുമാറിന്റെ സമീപത്തേക്ക് സിംഹം അലറിയടുക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിൽ മൃഗശാല അധികൃതർ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസിന് കൈമാറുകയും ചെയ്തു. സിംഹത്തിന്‍റെ ഗുഹക്ക് സമീപത്തെ പാറക്കല്ലിലേക്ക് യുവാവ് ചാടിക്കയറുകയായിരുന്നെന്നും മൃഗശാല അധികൃതർ പൊലീസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.