'ഈ നാടിനെയും നാട്ടുകാരെയും കുറിച്ച് കൊണ്ടോട്ടിക്കാരിയായ എനിക്കും പറയാനുണ്ട്'; ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ്

രിപ്പൂർ വിമാന ദുരന്തത്തിൽ കൈമെയ് മറന്ന്, സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകം. ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെ രക്ഷാപ്രവർത്തനമാണെന്ന് ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ സമ്മതിക്കുന്നു. മലപ്പുറത്തിന്‍റെ മഹിമയെ കുറിച്ചും നന്മയെ കുറിച്ചും ലോകം മുഴുവൻ വാഴ്ത്തുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് കൊണ്ടോട്ടിക്കാരിയായ യുവതിയുടെ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ്. 

കൊണ്ടോട്ടി സ്വദേശിനിയായ നാഫിയയുടെ ഫേസ്ബുക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചേർത്തുനിർത്താനും സ്നേഹിക്കാനും മാത്രം അറിയാവുന്ന പച്ചയായ മനുഷ്യരുള്ള ഒരു നാടാണിതെന്ന് നാഫിയ പറയുന്നു. പെരുന്നാളും ഓണവും ഒരുപോലെ ആഘോഷിക്കുന്ന, ഞങ്ങളെന്നോ നിങ്ങളെന്നോ വ്യത്യാസമില്ലാത്ത, പറഞ്ഞാൽ തീരാത്ത പൊലിവുള്ള നാടാണിത്. ആഴ്ചകളായി അടഞ്ഞുകിടക്കുന്ന കൊണ്ടോട്ടി അങ്ങാടിക്കിന്ന് മനുഷ്യത്വത്തിന്‍റെ മുഖമാണ്. ഭാഷയെ ചൊല്ലി, വിദ്യാഭ്യാസത്തെ ചൊല്ലി, അങ്ങനെ പലവിധത്തിൽ പരിഹസിക്കപ്പെട്ടിട്ടുള്ള ഒരു മണ്ണാണിത്. ഇകഴ്ത്തിയവർ പോലും പുകഴ്ത്തുമ്പോൾ ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. കാരണം, ഞങ്ങൾ അന്നും ഇന്നും എന്നും ഇങ്ങനെ തന്നെയാണ് -നാഫിയ പറയുന്നു. 

ഫേസ്ബുക് പോസ്റ്റ് പൂർണരൂപം വായിക്കാം...

ഇന്നലെയും ഇന്നുമായി സോഷ്യൽ മീഡിയയും കേരളവും എന്തിന്.. ലോകം തന്നെ ഒരു നാടിന്റെ മഹിമയെ കുറിച്ച് പറയുമ്പോൾ ഈ നാടും നാട്ടുകാരെയും കുറിച്ച് കൊണ്ടോട്ടിക്കാരിയായ എനിക്കുമുണ്ട് ചിലത് പറയാൻ...

മലപ്പുറത്തെ കുറിച്ച് വാ തോരാതെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളും വോയിസുകളും തെല്ലും മഹിമ തോന്നിച്ചിട്ടില്ല..

കാരണം ഈ മണ്ണും നാടും അങ്ങനെയാണ്..

ചേർത്ത് നിർത്താനും സ്നേഹിക്കാനും മാത്രം അറിയാവുന്ന പച്ചയായ മനുഷ്യരുള്ള നാട്...

ഒരു പെരുന്നാൾ വന്നാൽ വീട്ടിലെ അടുപ്പ് ആദ്യം പുകയുന്നത് തൊട്ടടുത്തുള്ള പൂച്ചുവേട്ടന്റെ വീട്ടിലേക്കുള്ള പലഹാരം ഉണ്ടാക്കാൻ വേണ്ടീട്ടാണ്.. എന്നിട്ടേ പിന്നെ ബിരിയാണി ചെമ്പ് അടുപ്പിൽ വെക്കൂ..

പള്ളിയിൽ പോകും വഴി അനിയൻ പലഹാരം അമ്മയെ ഏൽപ്പിക്കുമ്പോൾ കിടക്കപ്പായിൽ നിന്നാവും അനിയേട്ടൻ വിളിച്ചു ചോദിക്കുന്നത്..

"ഉച്ചക്കെന്താടാ . ബിരിയാണിയാണോ മന്തിയാണോന്ന്....

തിരിച്ചു ഓണം വന്നാലും ഇതുതന്നെ അവസ്ഥ..

കുളിച്ചു മാറ്റി മിനിച്ചേച്ചീടെ വീട്ടീന്ന് നല്ല അസ്സൽ അവിയലും സാമ്പാറുമൊക്കെ കഴിച്ചിറങ്ങുമ്പോൾ തൊട്ടടുത്തുള്ള ഊർമിളേച്ചി പരിഭവം പറയും..

"ഒരിച്ചിരി പായസമെങ്കിലും കഴിച്ചു പോ റുഖിയാത്തേ... ന്ന്..

ബാക്കി കെട്ടിപൊതിഞ്ഞു പാത്രത്തിലും...

വീട്ടിലെ അനിയത്തി പെണ്ണിന്റെ കല്യാണം ശരിയായപ്പോൾ തൊഴിലുറപ്പിനു വരുന്ന ലക്ഷ്മി ചേച്ചിയാണ് ആകെയുള്ള കഴുത്തിലെ മാല നീട്ടി ഉമ്മച്ചിയോട് പറഞ്ഞത്..

"കല്യാണമാണ്.. ആവശ്യം വന്നാൽ പണയം വെച്ചോളാൻ..

അഞ്ചു വർഷം മുൻപ് സുഖപ്രസവമെന്ന് വിധിയെഴുതിയ എനിക്ക് സിസേറിയൻ വേണമെന്നും ബ്ലഡ്‌ ആവശ്യമാണെന്നും പറഞ്ഞു വീട്ടുകാർ ഭീതിപ്പെട്ട് ഓടുമ്പോൾ ആശുപത്രി വരാന്തയിൽ കരഞ്ഞു തളർന്ന എന്റുമ്മച്ചിയോട് കുറി വരച്ച ഏട്ടനാണ്..

"ഞാൻ തരാം താത്താ ഇങ്ങളെ കുട്ടിക്ക് രക്തമെന്ന് പറഞ്ഞു മുന്നോട്ടു വന്നത്.

"അച്ഛനും ഏട്ടനും മലയ്ക്ക് പോകാൻ മാലയിട്ടേക്കുന്നു...

എനിക്കാണേൽ ഇന്ന് മാസക്കുളിയുമായെന്ന് പറഞ്ഞു രാത്രി വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന രാമേട്ടന്റെ മരുമോളോട്

"ഇജ്ജിപ്പോ എവടക്കും പോണ്ടാ..

ഇവിടെ നിന്നോ എന്ന് പറഞ്ഞത് ശംസുക്കാന്റെ മാളുതാത്തയാണ്..

ഇതൊക്കെയാണ് ഈ നാട്..

പറഞ്ഞാൽ തീരാത്ത പൊലിവുള്ള നാട്..

ചേർത്ത് നിർത്താനേ അറിയൂ..

അതേ ഞങ്ങൾ പഠിച്ചിട്ടുള്ളൂ..

അത് തന്നെയാണ് ഇന്നലെയും നടന്നത്..

കഴിഞ്ഞ ദിവസം രാത്രി ശക്തമായ ശബ്ദത്തോടെ വിമാനം നിലംപതിച്ചപ്പോൾ പുറത്ത് മഴ തിമിർത്തു പെയ്യുന്നുണ്ട്..

എന്നും ഞങ്ങൾക്ക് മീതെ വട്ടമിട്ടു പറക്കുന്ന പറവകളിലൊന്ന് ചിറകറ്റു കിടക്കുന്ന കാഴ്ച കണ്ടപ്പോൾ ശരിക്കും ഉള്ളൊന്നുലഞ്ഞു..

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊണ്ടോട്ടി മത്സ്യ മാർക്കറ്റിൽ കൊറോണ സ്ഥിരീകരിച്ച കാരണത്താൽ സംഭവസ്ഥലം ഉൾപ്പെടെ പ്രാന്തപ്രദേശങ്ങളായ എന്റെ നാടും കണ്ടൈൻമെൻറ് സോൺ പരിധിയിലാണ്..

ഒരു പഞ്ചായത്തിൽ തന്നെ 80പേർക്ക് അസുഖം സ്ഥീരീകരിച്ച സാഹചര്യം..

ഒരു മരണവും കൂടി വന്നതോടെ

റോഡുകൾ അടച്ചു..

കടകൾക്ക് ഷട്ടർ വീണു..

ആശുപത്രിയിൽ ഡോക്ടർക്ക് അസുഖം അവിടെയും നിരീക്ഷണം..

"വണ്ടിള്ളോര് വേം വാടാ.. ".

വിമാനം വീണു എന്ന് കേട്ടതും ആഴ്ചകളായി മുറ്റത്തു നിർത്തിയിട്ടിട്ടുള്ള ബൈക്കും കാറും ഓട്ടോയും ലോറിയുമൊക്കെയായി ക്വാറന്റൈൻ ആണെന്ന് കൂടി വകവെക്കാതെ ആളുകൾ ഓടിക്കൂടിയത്..

പാതി നിലംപതിച്ച മതിലുകൾ എടുത്തു ചാടിയും പൊളിച്ചും ജീവൻ വരെ വകവെക്കാതെ ഒരു റെസ്ക്യൂവിനേം കാത്തു നിക്കാതെ ബൈക്കിലും കാറിലും ഓട്ടോയിലും എടുത്തു കൊണ്ട് പോകുന്നു ഒരു പറ്റം മനുഷ്യർ..

ആർത്തു പെയ്യുന്ന ഒരു മഴയെയും വകവെച്ചില്ല..

ലോകം ഭയക്കുന്ന വൈറസിനും മുഖം കൊടുത്തില്ല..."

മനുഷ്യൻ ഉണ്ടെങ്കിലല്ലേ കൊറോണ ണ്ടാവൂ..

ഇനി എങ്ങാനും കൊറോണ വന്നാൽ അതപ്പോ നോക്കാമെന്ന പറഞ്ഞ ആ വാക്കുണ്ടല്ലോ.. അതാണ്..

അത് മാത്രമാണ് മനുഷ്വത്വം.

ഭക്ഷണകഴിക്കുന്നതിനിടയിൽ കൈ പോലും കഴുകാൻ മറന്നു ഓടിപോയവരുണ്ട്...

വിവരമറിയാൻ വീട്ടിൽ നിന്നും വിളിച്ച ഉമ്മയോട്.

"മ്മാ.. ന്റെ കയ്യിൽ പിഞ്ചു കുഞ്ഞാണ്..

പ്രാർത്ഥിക്കി മ്മാ..

എന്ന് പറഞ്ഞു നിലവിളിച്ചത്

അവന്റെ സ്വന്തക്കാരെ ഓർത്തലായിരുന്നു..

വീടോ നാടോ ഊരോ പേരോ അറിയാത്ത ഏതോ ഒരാൾക്ക് വേണ്ടിയാ..

വീതി കുറഞ്ഞ റോഡിലൂടെ ഒന്നിനേം വകവെക്കാതെ

"വണ്ടി കൊണ്ട് വാടാ

മാറി നിക്കടാ..

പിടിക്കെടാ

എന്നുള്ള പല ശബ്ദങ്ങൾ..

ആർപ്പു വിളികൾ..

പിഞ്ചു കുഞ്ഞുങ്ങളുടെ ഏങ്ങലടിച്ചുള്ള കരച്ചിൽ...

നെഞ്ച് പൊട്ടുന്ന ആംബുലൻസ് അലമുറ

ബ്ലഡ്‌ കൊടുക്കാൻ മത്സരിക്കുന്ന ഒരുപറ്റം മറുഭാഗത്ത്‌..

കയ്യിലുള്ളത് മിച്ചം വെച്ചും സ്വരുക്കൂട്ടിയും വാങ്ങിക്കൂട്ടിയ ഗൾഫിന്റെ മണമുള്ള പെട്ടികൾ ഓടിക്കൂടി ടാർപ്പായക്കുള്ളിലാക്കി മറ്റു ചിലർ.. കൊള്ളയടിക്കാനല്ലായിരുന്നു..

ഓരോ പെട്ടിക്കും വിയർപ്പിന്റെ മണമുണ്ടെന്ന് അറിയാവുന്ന പ്രവാസികൾ അവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു

ആഴ്ചകളായി അടഞ്ഞു കിടക്കുന്ന കൊണ്ടോട്ടിയങ്ങാടിക്കിന്ന് മനുഷ്യത്വത്തിന്റെ മുഖമാണ്..

ഇന്ന് പ്രിയപ്പെട്ടവരടങ്ങുന്ന ഒരുപറ്റം ആളുകൾ ക്വാറന്റൈനിൽ ഇരിക്കുമ്പോൾ ഒട്ടും തലകുനിക്കാതെ ഞങ്ങൾക്ക് പറയാൻ പറ്റുന്നുണ്ട്

"അഭിമാനത്തോടെ ക്വാറന്റൈനിലേക്കെന്ന്..

നാട്ടുകാരെ..

അക്ഷരം മതിയാവാതെ വരുന്നു..

ഏതോ മനുഷ്യർക്ക് വേണ്ടി ഹൃദയം നൊന്തവരാണ്..

ഏതോ മനുഷ്യൻ വീണപ്പോൾ താങ്ങിയെടുത്തവരാണ്..

ഏതോ മനുഷ്യർ ഉരുകിയൊലിച്ചപ്പോൾ പ്രാർത്ഥിച്ചവരാണ്..

ഏതോ മനുഷ്യൻ പിടഞ്ഞപ്പോൾ പ്രാണൻ വെടിയാനൊരുങ്ങിയവരാണ്..

അക്ഷരതെറ്റില്ലാതെ നിങ്ങളെ വിളിക്കാം

"മനുഷ്യനെന്ന്...

പരിഹസിക്കപ്പെട്ടിട്ടുണ്ട്..

ഭാഷയെ ചൊല്ലി..

വിദ്യാഭ്യാസത്തെ ചൊല്ലി..

മുദ്ര കുത്തപെട്ടവരാണ്

അതും തീവ്രവാദികളെന്ന്..

സുഡാപ്പികളെന്ന്..

ആനയെ ചൊല്ലിയുണ്ടായ വിഷയം ഞങ്ങൾക്ക് മനുഷത്വം ഇല്ലെന്ന പേരും തന്നു..

അതേ ഇകഴ്ത്തിയവർ തന്നെ ഇപ്പോ പുകഴ്ത്തുമ്പോൾ ഒരു പൊലിമയും തോന്നിയില്ല..

ഞങ്ങൾ അന്നും ഇന്നും എന്നും ഇങ്ങനെ തന്നെയാവും..

ഇജ്ജും

പജ്ജും

കുജ്ജും

പറയുന്ന

തൊട്ടടുത്തുള്ളവൻ കരഞ്ഞാൽ കരയുന്ന

സന്തോഷങ്ങൾ ആഘോഷമാക്കുന്ന

പറഞ്ഞും

പങ്കുവെച്ചും

സ്നേഹിച്ചു കൊല്ലുന്ന

മലപ്പുറംകാർ . 



Full View




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.