കനത്ത പ്രളയ ദുരന്തത്തിലൂടെയാണ് യൂറോപ്യൻ രാജ്യമായ ഇറ്റലി കടന്നുപോകുന്നത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ 20 ഓളം നദികളാണ് കരകവിഞ്ഞത്. 280 ഓളം ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലെ സെസീനയില്‍ ഇപ്പോഴും അതിശക്തമായ വെള്ളപ്പൊക്കം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോ ഏറെ പ്രതീക്ഷ നൽകുന്നതായി.
അരയ്ക്ക് മുകളില്‍ വെള്ളം കയറിയ വീടിന്‍റെ വാതിലിന് സമീപത്ത് സഹായം പ്രതീക്ഷിച്ച് കൈയില്‍ കുഞ്ഞുമായി നില്‍ക്കുന്ന അമ്മയുടെ കാഴ്ചയില്‍ നിന്നാണ് ഗുഡ് ന്യൂസ് മൂവ്‌മെന്‍റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ആരംഭിക്കുന്നത്. 'എന്‍റെ മകളെ രക്ഷിക്കൂ.. സഹായിക്കൂ' എന്ന് ആ അമ്മ വിളിച്ച് പറയുന്നുണ്ട്. ഇതിന് പിന്നാലെ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ അമ്മയ്ക്കും കുഞ്ഞിനും നേര്‍ക്ക് നീന്തിയടുക്കുന്ന രണ്ടുപേരെ കാണാം. ഇവര്‍ അമ്മയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങി മറുകരയിലേക്ക് നീന്തുന്നു. ഇതിനിടെ കുഞ്ഞിനെ വേറൊരാള്‍ക്ക് കൈമാറുന്നതും പിന്നീട് അമ്മയെ രക്ഷപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ലക്ഷക്കണക്കിനുപേരാണ് വിഡിയോ കണ്ടത്. വടക്കുകിഴക്കൻ ഇറ്റലിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയിട്ടുണ്ട്. 36,000-ത്തിലേറെ പേരെ വീടുകളിൽനിന്നും മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ മുങ്ങിപ്പോയി. മണ്ണിടിഞ്ഞ് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഇവിടങ്ങളിൽ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തി.
മേഖലയിലെ 305 ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 500 റോഡുകൾ തകർന്നു. എമിലിയ-റൊമാഗ്ന മേഖലയിലെ നഗരങ്ങളിലെ തെരുവുകൾ നദികളായി മാറിയെന്ന് പ്രദേശവാസി പറഞ്ഞു. ഫെയെൻസ് നഗരമാകെ ചെളിയിൽ മൂടിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡുകളും അടിസ്ഥാന സൗകര്യങ്ങളും പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളും ചില സ്ഥലങ്ങളിൽ വർഷങ്ങളും വേണ്ടിവരുമെന്ന് ബൊലോഗ്ന മേയർ മാറ്റിയോ ലെപോർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.