മലമ്പ്രദേശങ്ങളിലൂടെ വാഹനമോടിക്കൽ ഏറെ പരിചയം ആവശ്യമുള്ള കാര്യമാണ്. ട്രക്ക് പോലെയുള്ള ഹെവി വാഹനങ്ങൾ ഇത്തരം ദുർഘട പാതകളിൽ ഓടിക്കണമെങ്കിൽ ഏറെ ശ്രദ്ധയും വൈദഗ്ധ്യവും വേണം. പോകുന്ന പാതയെ കുറിച്ച് വ്യക്തമായ അറിവും വേണം. ജി.പി.എസ് ഉപയോഗിച്ച് മാപ്പ് നോക്കി ഇത്തരം വഴികളിലൂടെ പോയാൽ അപകടത്തിൽ ചെന്നു ചാടാനുള്ള സാധ്യത വളരെയേറെയാണ്.
മാപ്പ് നോക്കി ദുർഘടമായ മലമ്പാതയിലൂടെ സഞ്ചരിച്ച് അപകടത്തിൽപെട്ട ഒരു ട്രക്ക് അഗാധമായ കൊക്കയിൽ മുൻവശം തൂങ്ങിക്കിടന്നത് മൂന്ന് ദിവസമാണ്. ചൈനയിലെ ചാങ്സി സിറ്റിക്കടുത്ത് ജനുവരി ഒന്നിന് സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ലോഡുമായി പോവുകയായിരുന്ന ട്രക്ക് ഡ്രൈവർ മാപ്പ് നോക്കി സഞ്ചരിച്ചാണ് ഏറെ അപകടസാധ്യതയുള്ള മലമ്പാതയിൽ എത്തിയത്. മുന്നോട്ടു പോകുന്തോറും പാത ദുർഘടവും ഇടുങ്ങിയതുമായി വന്നു. ഒരു വശം അഗാധ കൊക്കയായിരുന്നു. മുന്നോട്ടു പോയാൽ അപകടമാണെന്ന് മനസിലാക്കിയ ഡ്രൈവർ വണ്ടി പിറകിലേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാബിൻ ഉൾപ്പെടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയത്. മുന്നിലെ ചക്രം കൊക്കയിലേക്ക് വഴുതിയിറങ്ങുകയായിരുന്നു. ഡ്രൈവറും സഹായിയും ശ്രമിച്ചെങ്കിലും ട്രക്ക് പുറത്തെടുക്കാനായില്ല.
തുടർന്ന് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് ദിവസത്തെ പ്രയത്നഫലമായാണ് ട്രക്ക് കൊക്കയിൽ വീഴാതെ പുറത്തെടുത്തത്. മൂന്ന് ദിവസം അടച്ചിട്ട പാത ജനുവരി നാലിനാണ് വീണ്ടും തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.