നഗൗർ: ഇഷ്ടപ്പെടുന്നവരുടെ വേർപാട് അത് മനുഷ്യനായാലും മറ്റു ജീവജാലങ്ങൾക്കായാലും താങ്ങാവുന്നതിലും അപ്പുറമാണ്. തന്‍റെ പങ്കാളിയുടെ മരണം ഉലച്ചുകളഞ്ഞ ഒരു പെൺമയിലിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആൺമയിലിന്‍റെ ജഡം കുഴിച്ചിടാനായി കൊണ്ടുപോകുന്നവരെ വേദനയോടെ പിന്തുടരുന്ന പെൺമയിലിന്‍റെ നോവ് പടർത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
രാജസ്ഥാനിലെ നഗൗർ ജില്ലയിലെ കുച്ചേരയിൽ നിന്നുള്ള വീഡിയോ ആണിത്. റാംസ്വരൂപ് ബിഷ്‌ണോയി എന്ന വ്യക്തിയുടെ ഫാമിൽ നാല് വർഷമായി ഒരുമിച്ച് കഴിയുന്ന മയിലുകളിലൊന്നാണ് ഞായറാഴ്ച രാത്രി ചത്തത്. നാല് വർഷത്തോളം ഒരുമിച്ച് ജീവിച്ച പങ്കാളിയുടെ ജഡത്തെ വിട്ടുപിരിയാൻ പെൺമയിലിന് കഴിയുന്നില്ല. ആൺമയിലിന്‍റെ ജീവൻ നിലച്ചപ്പോൾ മുതൽ ഏതാണ്ട് നാല് മണിക്കൂർ പെൺമയിൽ ജഡത്തിന് ചുറ്റും നടന്നിരുന്നതായി ഫാമിലെ ജീവനക്കാർ പറയുന്നു.
തിങ്കളാഴ്ച മയിലിന്‍റെ ജഡം കുഴിച്ചിടാനായി രണ്ടുപേർ ചുമന്ന് കൊണ്ടുപോകുമ്പോൾ പെൺമയിൽ അവരെ പിന്തുടരുന്ന ദൃശ്യം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. 'ദീർഘകാലം പങ്കാളിയായിരുന്നയാളെ മരണശേഷം ഉപേക്ഷിക്കാൻ ഈ മയിലിന് ആകുന്നില്ല. ഹൃദയസ്പർശിയായ ദൃശ്യം' എന്ന അടിക്കുറിപ്പും അദ്ദേഹം നൽകി. വാട്സാപ്പ് വഴിയാണ് ഈ വീഡിയോ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
'ദൈനിക് ഭാസ്കറി'ന്‍റെ വാർത്ത പങ്കുവെച്ച് സംഭവം നടന്നത് എവിടെയാണെന്ന് വിശദീകരിച്ച് മറ്റൊരു ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ മൃഗങ്ങളുടെ സ്നേഹം സംബന്ധിച്ച കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പരസ്പരം സ്നേഹവും വാത്സല്യവും ഉണ്ട്. ഈ ദൃശ്യം ശരിക്കും മനസ്സിനെ സ്പർശിച്ചു', 'പക്ഷികളേയും മൃഗങ്ങളേയും സ്നേഹിക്കുന്നവർക്കേ ഈ വേദന എന്താണെന്ന് തിരിച്ചറിയൂ', 'സമകാലിക മനുഷ്യബന്ധങ്ങളിലേക്ക് കണ്ണുതുറപ്പിക്കുന്നതാണ് ഈ വീഡിയോ' തുടങ്ങിയ കമന്‍റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.