ലോസ് ഏഞ്ചലസ്: ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ ഏറെ കേട്ടുകേൾവിയുള്ളതാണ്. അത്തരമൊരു നിമിഷത്തിന്റെ നേർസാക്ഷ്യമാണ് അമേരിക്കയിലെ ലോസ് ഏഞ്ചലസിൽനിന്നുള്ള ദൃശ്യം. നിയന്ത്രണം നഷ്ടപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണ വിമാനത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുന്നതിന് സെക്കന്‍റുകൾക്ക് മുമ്പായി സുരക്ഷ സേന പൈലറ്റിനെ രക്ഷപ്പെടുത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫുട്ട് ഹിൽ ഡിവിഷൻ ഉദ്യോഗസ്ഥരാണ് ഈ ധീര രക്ഷപ്രവർത്തനത്തിന് പിന്നിൽ.
ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ പക്കോയിമ പരിസരത്തുള്ള വൈറ്റ്മാൻ എയർപോർട്ട് റൺവേയ്ക്ക് സമാന്തരമായി പോകുന്ന റെയിൽവേ ട്രാക്കിലേക്കാണ് ചെറുവിമാനം തകർന്ന് വീണത്. രക്ഷപ്രവർത്തനത്തിനെത്തിയ ഉദ്യോഗസ്ഥന്റെ ശരീരത്തിൽ ഘടിപ്പിച്ച കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നു.
രക്തം വാർന്ന പൈലറ്റിന്റെ മുഖം ദൃശ്യങ്ങളിൽ കാണാം. ഇദ്ദേഹത്തെ വിമാനത്തിൽനിന്നും പുറത്തെടുത്ത് നിമിഷങ്ങൾക്കകം അതിവേഗത്തിലെത്തിയ ട്രെയിൻ വിമാനത്തെ ഇടിക്കുന്നതും വിഡിയോയിലുണ്ട്. അതിവേഗത്തിൽ വന്ന ട്രെയിൻ വിമാനത്തെ ഇടിച്ചുതെറിപ്പിച്ചു. ട്രെയിനിന് മുന്നിൽനിന്നും വലിച്ചിഴച്ചാണ് സുരക്ഷ ജീവനക്കാർ പൈലറ്റിനെ രക്ഷപ്പെടുത്തിയത്.
ഒറ്റ എഞ്ചിൻ വിമാനത്തിന്റെ ശക്തി നഷ്ടപ്പെട്ടതാണ് അപകട കാരണം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും എഫ്.എ.എയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.