‘ജില്ലയുടെ തലസ്ഥാനം’ പറയാൻ വെല്ലുവിളിച്ച് മോദി ‘എയറി’ലായി

കാണ്ഡമാൽ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് ‘എയറി’ലായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെ പേരും ജില്ലകളുടെ തലസ്ഥാനങ്ങളുടെ (കാപിറ്റൽ) പേരും പേപ്പറിൽ നോക്കാതെ പറയാൻ കഴിയുമോ എന്നായിരുന്നു വെല്ലുവിളി. എന്നാൽ, ഇന്ത്യയിൽ ജില്ലകൾക്ക് തലസ്ഥാനം ഇല്ല എന്ന പ്രാഥമിക വിവരം പോലും പ്രധാനമന്ത്രിക്ക് ഇല്ലേ എന്ന് നെറ്റിസൺസ് പരിഹസിച്ചു.

ഒഡീഷയിലെ കന്ധമാൽ ജില്ലയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ അമളി. ‘നവീൻ ബാബുവിനെ (നവീൻ പട്‌നായിക്കിനെ) വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇത്രയും കാലം മുഖ്യമന്ത്രിയായിരുന്നല്ലോ?. ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് നവീൻ ബാബു പറയൂ. കടലാസിൽ നോക്കാതെ പറയണം. സംസ്ഥാനത്തെ ജില്ലകളുടെ പേര് പറയാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് നിങ്ങളുടെ വേദന അറിയുമോ?’ എന്നായിരുന്നു പ്രസംഗം.

‘ഇതുകൊണ്ടാണ് വിദ്യാഭ്യാസം പ്രധാനമാണ് എന്ന് പറയുന്നത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. മോദിയുടെ ജില്ലയുടെ കാപിറ്റൽ ഏതാണ് എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്.

‘മോദിയെ കളിയാക്കേണ്ട, മോദി ഉദ്ദേശിച്ചത് ജില്ലയുടെ പേരിലെ കാപിറ്റൽ ലെറ്റർ അഥവാ ആദ്യാക്ഷരം ആണ്’ എന്നായിരുന്നു മറ്റൊരു രസികന്റെ ന്യായീകരണം. ‘ഒഡീഷയിലെ മുഴുവൻ ജില്ലകളുടെ കാപിറ്റലും പറയണ്ട, നിങ്ങളുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി ജില്ലയുടെ കാപിറ്റൽ ഏതാണ് എന്ന് ലോകത്തോട് ​പറയുമോ’ എന്നായിരുന്നു മോദിയോട് മറ്റൊരാൾ ചോദിച്ചത്. ‘ജില്ലക്ക് കാപിറ്റൽ ഇല്ലെന്ന് മോദിക്ക് അറിയില്ല. ഇയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി, പ​ക്ഷേ വിവരം പ്രൈമറി സ്കൂൾ കുട്ടിയേക്കാൾ കുറവാണ്’, ‘നിരക്ഷരനായ പ്രധാനമന്ത്രി പ്രതിപക്ഷ നേതാവിനോട് ഒഡീഷയിലെ എല്ലാ ജില്ലകളുടെയും തലസ്ഥാനം പറയണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോൾ അന്ധഭക്തർ "ഓരോ ജില്ലയുടെയും ആദ്യാക്ഷരം" ആണ് ചോദിച്ചത് എന്ന് പറഞ്ഞ് അദ്ദേഹത്തെ ന്യായീകരിക്കും’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

Tags:    
News Summary - PM Modi 'Challenges' Naveen Patnaik To Name Odisha's Districts, Capitals Without Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.