ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടല്ലൊടിച്ച നോട്ട് നിരോധനത്തെ എടുത്തിട്ടലക്കി ട്രോളന്മാർ. 2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്ക് കിട്ടിയ എട്ടിന്‍റെ പണി എന്നാണ് നോട്ട് നിരോധനത്തിന് സമൂഹമാധ്യമങ്ങളിലെ വിശേഷണം. നോട്ട് നിരോധന ട്രോളുകളിലെ പ്രധാന കഥാപാത്രങ്ങളാണ് താടിജി, ബ്ലോഗൻലാൽ, സുര തുടങ്ങിയവർ. സാമ്പത്തിക വിപ്ലവം എന്നുപറഞ്ഞ് മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ കീഴ്മേൽ മറിക്കുകയായിരുന്നു.
നോട്ട് നിരോധന കാലത്ത് ബി.ജെ.പി നേതാക്കളും അണികളും നടത്തിയ അവകാശവാദങ്ങളാണ് ഇപ്പോൾ ട്രോളുകൾക്ക് കൂടുതലും ആശയം നൽകുന്നത്. അന്ന് നോട്ട് നിരോധനത്തെ അനുകൂലിച്ച നടൻ മോഹൻലാലിനെ പോലുള്ളവരുടെ കുറിപ്പുകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. 'സാമ്പത്തിക വിപ്ലവം' എന്ന പ്രയോഗവും ട്രോളന്മാരുടെ ഇഷ്ട വിഷയമാണ്.
സംഘപരിവാർ അനുകൂല മാധ്യമങ്ങളും സാമ്പത്തിക ശാസ്ത്രവിദഗ്ധരും നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കുമെന്നും സാമ്പത്തിക വിപ്ലവമാണെന്നുമാണ് പറഞ്ഞിരുന്നത്. കള്ളപ്പണം പിടിക്കുമെന്നും കള്ളനോട്ടും തീവ്രവാദവും അവസാനിക്കുമെന്നും അന്ന് 'തള്ളിമറിച്ചവരും' കുറവല്ല. നോട്ട് നിരോധനത്തിന് ചിലവായ തുകയുടെ പകുതിപോലും കള്ളപ്പണമായി ലഭിച്ചില്ലെന്ന് പിന്നീട് റിസർവ്വ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ തെളിയിച്ചു.
കള്ളനോട്ട് പണ്ടുള്ളതിനേക്കാൾ പല ഇരട്ടിയായി വർധിച്ചു. തീവ്രവാദം പെരുകുകയും രാജ്യത്തെ സൈനികർ മുമ്പുള്ളതിനേക്കാൾ അധികമായി കൊല്ലപ്പെടുകയും ചെയ്തു. ചെറുകിട കച്ചവടക്കാരും വ്യവസായികളും സാമ്പത്തികമായി തകർച്ചയിലായി. ഇന്ധനവില ക്രമാതീതമായി വർധിച്ചു. ഇന്ന് രാജ്യം അതിന്‍റെ സകല മേഖലകളിലും അരക്ഷിതമായതിന്‍റെ പരിഹാസത്തിൽ പൊതിഞ്ഞ മുനകൂർത്ത വിമർശനങ്ങളാണ് ട്രോളുകളിലൂടെ വെളിപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.