കൊച്ചി: അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് കാത്തുനിൽക്കാതെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തെ പരിഹസിച്ച് തീവ്ര വലതുപക്ഷ പ്രചാരകൻ ശ്രീജിത്ത് പണിക്കർ. ''ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മധ്യ രോഗിയെ വെച്ചതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക' എന്നുതുടങ്ങി രൂക്ഷമായ പരിഹാസമാണ് ഫേസ്ബുക് കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്.
ബൈക്കിൽ കൊണ്ടുപോയതിനെ ന്യായീകരിക്കാനുളള ക്യാപ്സൂൾ എന്ന പേരിലാണ് ശ്രീജിത്ത് കുറിപ്പെഴുതിയിട്ടുള്ളത്. 'ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും. വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ' എന്നിങ്ങനെ നീണ്ടുപോകുന്നു പണിക്കരുടെ പരിഹാസം.
പുന്നപ്ര പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്‍ററിൽനിന്ന് (ഡി.സി.സി) വിളിപ്പാടകലെയുള്ള ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ച സംഭവത്തെയാണ് ഫേസ്ബുക് േപാസ്റ്റിലൂടെ അപഹസിച്ചിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരും ഡി.വൈ.എഫ്.ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളുമായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനുമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ കോവിഡ് സെന്‍ററിൽ ഭക്ഷണം കൊടുക്കാൻ ചെന്നപ്പോഴാണ് ശ്വാസമെടുക്കാൻ പറ്റാതെ അത്യാസന്ന നിലയിൽ കഴിയുന്ന രോഗിയെ കണ്ടത്. ഉടന്‍ ഡി.സി.സി സെന്‍ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞു. അത്രനേരം കാത്തുനിന്നാല്‍ അദ്ദേഹത്തിന്‍റെ ജീവൻ നഷ്ടമാകുമെന്നതിനാലാണ് ബൈക്കിൽ കൊണ്ടുപോയതെന്ന് രേഖയും അശ്വിനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം രോഗിയുടെ ഓക്‌സിജന്‍ ലെവല്‍ ശരിയായി. പിന്നീട് ആംബുലന്‍സെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു.
സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.
[1] ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടർ ക്ഷാമം ഉള്ളപ്പോൾ. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജൻ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലൻസ് ആയാൽ മാർഗ്ഗമധ്യേ തടസ്സങ്ങൾ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയിൽ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.
[4] വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാൻ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂൾ 💊)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.