'സിനിമ റിലീസായി മാസങ്ങൾ പിന്നിട്ടിട്ടും 'പുഷ്പ'യുടേയും 'ശ്രീവല്ലി'യുടേയും മാന്ത്രിക വലയത്തിൽ നിന്നും ഇപ്പോഴും പ്രേക്ഷകർ പുറത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മുംബൈ പൊലീസിന്‍റെ ബാന്‍റ് ശ്രീവല്ലിയെ ആലപിച്ചത് ചർച്ചയായതിന് പിന്നാലെ കേരളത്തിലെ 'കുട്ടി'സംഘത്തിന്‍റെ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ക്ലാസിൽ നോട്ടെഴുതുന്നതിനിടെയാണ് കുട്ടിസംഘം 'കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി' എന്ന് തുടങ്ങുന്ന പുഷ്പയിലെ പാട്ട് പാടുന്നത്. മലപ്പുറം തുറക്കലിലെ എച്ച്.എം.എസ് എ.യു.പി സ്കൂളിലെ വിദ്യാർഥികളാണ് ഈ വൈറൽ രംഗങ്ങൾക്ക് പിന്നിൽ.
അധ്യാപികയായ സുമയ്യ സുമൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് സുമയ്യയുടെ അധ്യാപന രീതിക്ക് പ്രശംസയുമായി രംഗത്തെത്തിയത്. രസകരമായ ഒരു ചെറു കുറിപ്പോടെയാണ് സുമയ്യ വീഡിയോ പങ്കുവച്ചത്. സാമൂഹിക ശുചിത്വവും, വ്യക്തി ശുചിത്വവും എന്താണെന്ന് പഠിപ്പിക്കുന്നതിനിടെയാണ് വിദ്യാർഥികളിലൊരാളായ മിൻഹാൽ ശ്രീവല്ലി പാടിയത്. ബോർഡിലെഴുതിയ നോട്ടുകൾ കുറിച്ചെടുക്കാൻ പറഞ്ഞതോടെ " കലാവാസനയുള്ള കുട്ടികളെ തളർത്തല്ലി ടീച്ചറേ" എന്നായിരുന്നു വിരുതൻ വിദ്യാർഥിയുടെ പ്രതികരണം.ഒരു വരി തെറ്റാതെ കൃത്യമായി നോട്ടെഴുതി കൊണ്ട് പാട്ട് പാടാം എന്ന് കുസൃതിയോടെ ടീച്ചറും മറുപടി നൽകിയതോടെ നോട്ടെഴുതി കൊണ്ട് വിദ്യാർഥികൾ കൂട്ടമായി ശ്രീവല്ലി പാടി.
ക്ലാസ്സ്മുറികളിൽ രസകരമായ ഇത്തരം നിമിഷങ്ങൾ സൃഷ്ടിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് സുമയ്യ പറയുന്നു. പാട്ടു പാടരുതെന്ന് കർക്കശമായി വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ അവർ നിരാശരായേനെ. എന്നാൽ വെറും ഒരു മിനിറ്റ് അവർക്കായി അനുവദിക്കുന്നതിലൂടെ അടുത്ത പാഠഭാഗങ്ങൾ ഊർജ്ജത്തോടെ പഠിക്കാൻ വിദ്യാർഥികൾ സജ്ജമാകുമെന്നും സുമയ്യ പ്രതികരിച്ചു. സാധാരണ ക്ലാസ് മുറിയിൽ ഇത്തരം രസകരമായ അനുഭവങ്ങൾ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ടന്നും സുമയ്യ പറഞ്ഞു.
പ്രശംസയോടൊപ്പം വിമർശനങ്ങളും വീഡിയോക്ക് ലഭിച്ചിരുന്നു.പാട്ടു പാടുന്നതിനിടയിൽ ശുചിത്വത്തെക്കുറിച്ചുള്ള പാഠഭാഗം വൃത്തിയായിക്കാണില്ലെന്ന് കാഴ്ചക്കാരിൽ ചിലർ അഭിപ്രായപ്പെട്ടു. മൂന്ന് വട്ടം എഴുതിയ നോട്ടുകളെല്ലാം വിദ്യാർഥികളെ കൊണ്ട് വായിപ്പിച്ച ശേഷമാണ് പാട്ടുപാടാൻ സമയം അനുവദിച്ചതെന്ന് സുമയ്യ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ഇതേ സ്കൂളിലെ അധ്യാപികയായി പ്രവർത്തിച്ചുവരികയാണ് സുമയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.