വലിപ്പം കുറവാണെന്ന് കരുതി ഹണി ബാജറിനോട് കളിക്കാൻ നിൽക്കേണ്ടയെന്ന് എല്ലാ മൃഗങ്ങൾക്കുമറിയാം. ഭൂമിയിൽ ഒന്നിനെയും പേടിയില്ലാത്ത മൃഗമായിട്ടാണ് തുരപ്പൻ കരടി എന്നറിയപ്പെടുന്ന ഹണി ബാജർ വിശേഷിപ്പിക്കപ്പെടുന്നത്. താടിയെല്ലിൻെറയും പല്ലുകളുടെയും ബലംകൊണ്ടും തൊലിക്കട്ടി കൊണ്ടും ഇവ ഗിന്നസ് ബുക്കിൽ വരെ ഇടംപിടിച്ചിട്ടുണ്ട്.
രണ്ട് ഹണി ബാജർമാർ ഒരു സിംഹക്കൂട്ടത്തെ തുരത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പത്തോളം സിംഹങ്ങളോട് എതിരിട്ട് നിൽക്കുന്ന രണ്ട് ബാജർമാരാണുള്ളത്. പതിനായിരത്തോളം പേരാണ് ഇതുവരെ വിഡിയോ കണ്ടിരിക്കുന്നത്.
കൂട്ടമായി ആക്രമിക്കുന്നതിൽ പേരുകേട്ട സിംഹങ്ങളോടും കഴുതപ്പുലികളോടും വരെ പിടിച്ചുനിൽക്കാൻ ഹണി ബാജർമാർക്ക് കഴിയും. ഇവറ്റകളിലൊന്നിനെ സിംഹം പിടികൂടിയിട്ടു പോലും പിടി വിടുവിക്കുന്നതും സിംഹങ്ങൾക്കുനേരെ വീറോടെ അടുക്കുന്നതും വിഡിയോയിൽകാണാം. അബ്ദുൽ അസീസ് ആദം എന്നയാൾ കിഴക്കൻ സാംബിയയിലെ ലുവാൻഗ്വ ദേശീയ ഗെയിം പാർക്കിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിത്. അദ്ദേഹമത് ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.
'ശക്തിക്കും ശൂരത്വത്തിനും പരുക്കൻ സ്വഭാവത്തിനും പേരുകേട്ടതാണ് ഹണി ബാജർ. വളരെ വലിപ്പം കൂടിയ മൃഗങ്ങളെ പോലും നിർഭയം ആക്രമിക്കുന്നതിൽ പ്രസിദ്ധരാണവർ' -എന്ന കുറിപ്പും സുശാന്ത നന്ദ വിഡിയോക്കൊപ്പം നൽകിയിട്ടുണ്ട്. 'ധീരതക്കും സ്വയംപ്രതിരോധ കഴിവുകൾക്കും മുന്നിൽ വലിപ്പം ഒന്നുമല്ല' എന്നാണ് വിഡിയോയോട് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. ആഫ്രിക്ക, സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിലാണ് ഹണി ബാജറിനെ അധികമായി കണ്ടുവരുന്നത്.
Pride of the lions pride taken to dust😳
— Susanta Nanda IFS (@susantananda3) August 6, 2020
The honey badger is known for its strength, ferocity and toughness. It is known to savagely and fearlessly attack almost any other species when escape is impossible, reportedly even repelling much larger predators such as lion and hyena. pic.twitter.com/7iyz0hPHxN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.