'മരിച്ചത്​ മുപ്പതോളം മക്കൾ, ഇനി വയ്യ; അധികൃതർ കണ്ണ്​ തുറക്കണം'- വേദനയോടെ ഒരു വീട്ടമ്മയുടെ ഫേസ്​ബുക്ക്​ കുറിപ്പ്​

കോട്ടയം​: വീട്ടിൽ ഓമനിച്ചു വളർത്തിയിരുന്ന പത്തിലേറെ പൂച്ചകളെ ഒരു വർഷത്തിനിടെ വിഷം കൊടുത്തു കൊന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ വീട്ടമ്മ. മുട്ടമ്പലം കല്ലൂപറമ്പിൽ പുഷ്​പ ബേബി തോമസി​െൻറ വീട്ടിലെ പത്തിലധികം പൂച്ചകളെയാണ്​ ആരോ വിഷംകൊടുത്ത്​ കൊല്ലുന്നത്​. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ ഈസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു.

വർഷങ്ങളായി പൂച്ചകളെ വീട്ടിൽ വളർത്തിയിരുന്ന പുഷ്​പക്ക്​ പലയിടങ്ങളിൽ നിന്ന്​ ലഭിച്ച പൂച്ചകൾ ഒരുവർഷത്തിനുള്ളിൽ വിഷം ഉളളിൽചെന്ന്​ ചാവുകയായിരുന്നു. ചത്തനിലയിൽ കണ്ടെത്തിയ പൂച്ചകളുടെ മൃതദേഹം പോസ്​റ്റ്​മോർട്ടം നടത്തിയിരുന്നു. ആന്തരിക അവയവങ്ങൾ തുടർ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക്​ അയച്ചിരിക്കുകയാണ്​. എട്ട്​ വർഷത്തിനിടെ മുപ്പതോളം പൂച്ചകളാണ്​ ഇൗ വീട്ടിൽ കൊല്ലപ്പെട്ടത്​. ഇതുസംബന്ധിച്ച വാർത്തകൾ അടു​ത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പൂച്ചകളോടുള്ള സ്​നേഹവും അവ നഷ്​ടപ്പെടു​​േമ്പാളുള്ള വേദനയും വിവരിച്ച്​ പുഷ്​പ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പും ഏറെ ശ്രദ്ധനേടുകയാണ്​.

പുഷ്​പ ബേബി തോമസി​െൻറ കുറിപ്പ്​ വായിക്കാം

വഴിയിൽ ചതഞ്ഞരഞ്ഞ് കിടക്കുന്ന പൂച്ചകൾ.... എ​െൻറ മനസ്സിന് താങ്ങാനാവാത്ത കാഴ്ചയാണ്. ഇടിച്ചിട്ട വണ്ടി മാത്രമല്ല പുറകെ വരുന്ന എല്ലാ വണ്ടികളും തന്നെ ചതച്ചരച്ച് കടന്നു പോകും. ഒരു ജീവനായിരുന്നു എന്നതോർക്കാതെ... അതിനാൽ വഴിയിൽ കാണുന്ന പൂച്ചകളെ എടുത്തു കൊണ്ടു വളർത്തുന്ന ഒരു 'ദുശ്ശീലം' എനിക്കുണ്ട്. കുടാതെ വീട്ടിൽ വന്നുകയറുന്നവയും, എ​െൻറ ദുശ്ശീലം അറിയുന്ന കൂട്ടുകാരും സഹപ്രവർത്തകരും തന്ന പൂച്ചകളും എ​െൻറ വീട്ടിലുണ്ട്. അവരെ പോറ്റാതിരിക്കാൻ എനിക്കാവില്ല.

അങ്ങനെ തന്നെയാണ് കുറച്ച് മാസങ്ങൾക്ക് മുന്നേ തുണി വിരിക്കാനായി രാത്രി ടെറസ്സിൽ കയറിയപ്പോൾ പൂച്ച കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. ശ്രദ്ധിച്ചപ്പോർ മനസ്സിലായി. താമസമില്ലാത്ത വീട്ടിൽ നിന്നാണെന്ന്. പാതിരാത്രി കഴിഞ്ഞു. നല്ല മഴയും. കരച്ചിൽ കേട്ടില്ലെന്ന് നടിക്കാൻ എനിക്കായില്ല. കുഞ്ഞു ജീവനുകളാണ്. ഒരമ്മ നൊന്ത് പ്രസവിച്ച മുത്തു മണികൾ.... ഭൂമിയിൽ ജീവിക്കാൻ അവകാശം നൽകി ഉടയതമ്പുരാൻ പറഞ്ഞു വിട്ടവർ. ടോർച്ചു എടുത്ത് മകളെയും കൂട്ടി ജീവനുകളെ കണ്ടെടുക്കാൻ ഇറങ്ങി. ആ വീടി​െൻറ പിന്നാമ്പുറത്ത് ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ കെട്ടി വലിച്ചെറിഞ്ഞ നിലയിൽ കുഞ്ഞുങ്ങൾ... എടുത്ത് വീട്ടിൽ വരാന്തയിൽ കവർ കൊണ്ടു വന്നു വച്ചപ്പോഴാണ് കണ്ടത് നാലു കുഞ്ഞുങ്ങൾ ... കണ്ണു പോലും തുറന്നിട്ടില്ല. അപ്പിയിലും മൂത്രത്തിലും കുതിർന്ന് ...

വെള്ളം ചൂടാക്കി ഓരോരുത്തരെ ആയി കുളിപ്പ് തോർത്തി. ചെറുചൂടുപാൽ സിറിഞ്ചിലാക്കി അനിയും ഞാനും അവർക്ക് നൽകി. നിർത്താത്ത കരച്ചിൽ. പുതപ്പിച്ചിട്ട് അതിനുള്ളിൽ കിടക്കുന്നില്ല കുഞ്ഞുങ്ങൾ. മഴയുടെ തണുപ്പിലും മൂത്രത്തിലും ഏറെ നേരം കിടന്നതി​െൻറ തണുപ്പും ഏറെ നേരമായി പാല് കുടിക്കാത്തതി​െൻറയും ക്ഷീണവുമുണ്ട് കുഞ്ഞുങ്ങൾക്ക്. ചൂട് കൊടുക്കുവാൻ ഒരു മാർഗ്ഗം കണ്ടെത്തി. ഇൻവെർട്ടറി​െൻറ മുകളിൽ ഒരു കാർഡ് ബോർഡ് ബോക്സിൽ കുഞ്ഞുങ്ങളെ കിടത്തി. ഒരു ബൾബും ഇട്ടു കൊടുത്തു. രാത്രിയിൽ രണ്ടു മൂന്ന് തവണ എണീറ്റ് വന്ന് പാല് കൊടുത്തു. പ്രസവിച്ചു കിടക്കുന്ന പൂച്ചകൾ ആ സമയത്ത് ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ അവരോട് കാര്യം പറഞ്ഞാൽ മനസ്സിലാവും. സന്തോഷത്തോടെ ആ കുഞ്ഞുങ്ങളെ അവരുടേതാക്കും. വഴിയിൽ നിന്ന് കളഞ്ഞു കിട്ടുന്നതും സ്​കൂളിലെ സഹപ്രവർത്തകർ കൊണ്ടു തന്നതുമായ പല കുഞ്ഞുങ്ങളെയും വളർത്തിയത് അങ്ങനെയാണ്.

പാണ്ടു പൂച്ചയിൽ ആണ് എ​െൻറ പ്രതീക്ഷ. പാല് കൊടുക്കാനായില്ലെങ്കിലും ചൂടും വാത്സല്യവും പകരാൻ അവൾക്കാവും. പ്രതീക്ഷ തെറ്റിയില്ല. അവളെ​െൻറ കൂടെ നിന്നു. പക്ഷേ ഒരു കുഞ്ഞിനെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചുള്ളൂ. നല്ല മധുരമായ കരച്ചിലുള്ള അവളെ കുയിലി മോൾ എന്നു വിളിച്ചു. നാല് പേരിൽ നിന്ന് രക്ഷപ്പെട്ടവളായതു കൊണ്ട് ദീർഘായുസുണ്ടാവുമെന്ന് ഞാൻ സ്വപ്നം കണ്ട കുയിലി മോൾ കഴിഞ്ഞ ഞായറാഴ്ച ഊണുമുറിയിൽ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ...

ബെല്ല... ഒരു സുന്ദരി പൂച്ചയായിരുന്നു. ഈ വീട്ടിൽ വന്നു കയറിയ മണിക്കുട്ടിയുടെ ആദ്യത്തെ കുഞ്ഞ്​. ഒരു ചെവിയും വാലും മാത്രം കുറുപ്പും ബാക്കി വെളുപ്പും. അവളും വിഷം ഉള്ളിൽ ചെന്ന് മരിക്കുകയായിരുന്നു. അവളെപ്പോലെ ആയതു കൊണ്ട് ഇവൾക്കും ബെല്ല എന്നു പേരിട്ടു. കുറുകുറേന്ന് തടിച്ച് നിറയെ വാലുമായി സുന്ദരി. അവൾ ലിവിങ്​ റൂമിൽ തലതല്ലി പിടയുന്നത് കണ്ട് അനി അലറിക്കരയുന്നത് കേട്ടാണ് ഞായറാഴ്ച (27/o 9/2020) രാവിലെ ഞാൻ ഓടി ചെല്ലുന്നത്. അവളുടെ പിടച്ചിൽ കണ്ട് പേടിച്ചിരിക്കുന്ന ഇരിക്കുന്ന മറ്റ് പൂച്ചകൾ.

പെട്ടെന്ന് കോടിമത ഗവൺമെൻറ്​ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . തിരികെ വീട്ടിലെത്തിയപ്പോൾ കുയിലി ഊണുമുറിയിലും വില്യം സ്റ്റെയർ കേസിലും മരിച്ചു കിടക്കുന്നു. വായിൽ നിന്ന് ഒലിച്ചിറങ്ങിയ പത... ഹാരി, ബ്ലൂ, ലൈലു മോൻ ഇവരെ കാണാനും ഇല്ല. ഹാരിയും വില്യമും ബീൻസി​െൻററെ മക്കളാണ്. ഈസ്റ്ററിന് കുറച്ച് ദിവസം മുന്നേയാണ് അവർ ജനിച്ചത്. കണ്ണു പോലും തുറക്കാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ബീൻസ് നാടുവിട്ട് പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അവരെ പിന്നീട് നോക്കിയത് പണ്ടുവാണ്. അന്നവൾ ബിസ്കുവിനെയും ബെല്ലയെയും പ്രസവിച്ച് കിടക്കകയാണ്. ബ്ലൂവും കന്നിപ്രസവത്തിൽ ബുൾബുള്ളിനെയും ഗോൾഡിമോളെയും നോക്കി കിടക്കുകയായിരുന്നു.

മണിക്കുട്ടി മുതൽ എല്ലാവരുടെയും ഈറ്റില്ലം എ​െൻറ കിടപ്പുമുറിയാണ്. പ്രസവം മുതൽ ഒന്നു രണ്ട് മാസം അവരിവിടെയാണ്. രാത്രിയിൽ ഇറങ്ങി പോകണമെങ്കിൽ എന്നെ വിളിക്കും. തിരികെ വന്ന് കതകിൽ തട്ടും. ഇതാണ് പതിവ്. അങ്ങനെ പ്രസവിച്ചു കിടക്കുന്ന സമയത്താണ് ബ്ലൂവിനെ വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളോടെ കണ്ടത്.

ആശുപത്രിയിൽ എത്തിച്ച് ദിവസങ്ങൾ നീണ്ട ചികത്സയിലുടെ രക്ഷപ്പെടുത്താൻ സാധിച്ചു. . ബ്ലൂ ബോധമില്ലാതെ കിടന്ന ദിവസങ്ങളിൽ പാണ്ടുവാണ് ഈ കുഞ്ഞുങ്ങളെയും നോക്കിയത്. ഇങ്ങനെ ഒരിയ്ക്കൽ രക്ഷപ്പെടുത്തിയ ബ്ലൂവിനെയാണ് ഞായറാഴ്ച കാണാതെ പോയിരിക്കുന്നത്.

ലൈലാക് നിറത്തിലുള്ള നീലകണ്ണുകളുള്ള നിറയെ രോമങ്ങളുള്ള പൂച്ചയാണ് ലൈലു മോൻ. തീറ്റയും ഉറക്കവുമാണ് ആകെ ഉള്ള പരിപാടികൾ. ഈയിടെ ഇച്ചിരെ കൊഞ്ചക്കം കൂടിയിരുന്നു. പാത്രത്തിൽ ഭക്ഷണം കൊടുത്താൽ കഴിക്കില്ല. കൈ വെള്ളയിൽ നിന്നേ കഴിയ്ക്കൂ. അവനെയും കാണുന്നില്ല. എത്ര കരുതലോടെയാണ് ഓരോ അമ്മപൂച്ചയും കുഞ്ഞുങ്ങളെ കരുതുന്നത് ! സംരക്ഷിക്കുന്നത് ! പരിശീലിപ്പിക്കുന്നത്! ഓരോന്നിനെയായി പ്രസവിച്ച്

നക്കി തോർത്തി പാല് കൊടുത്ത്... ചൂട് പകർന്ന്... ആദ്യത്തെ ഒന്നാ രണ്ടോ ദിവസം അമ്മപ്പൂച്ച കുഞ്ഞുങ്ങളെ വിട്ട് പോകാറില്ല. പിന്നീടുള്ള ദിവസങ്ങളിൽ പ്രഥമിക കൃത്യങ്ങൾക്കും ഭക്ഷണത്തിനും മാത്രം. പെട്ടെന്ന് തിരിച്ചു വരും. പിന്നീട് അവർക്കു കൊടുക്കുന്ന പരിശീലനങ്ങൾ. ഒക്കെ കൗതുകത്തോടെ നോക്കി കാണാറുണ്ട്. അച്ഛൻ പൂച്ച ദിവസവും അമ്മയുടെയും മക്കളുടെയും സുഖവിവരം അന്വേഷിച്ച് എത്താറുണ്ട്.

മൂന്ന് പേര് തലയിട്ടടിച്ച് ചാവുന്നത് മറ്റുള്ള പൂച്ചകൾ കണ്ടിട്ടുണ്ട്. അതിനു ശേഷം ഒരു മൂകതയാണ് അവർക്ക് കളിയും ഓട്ടവും ഒന്നും ഇല്ല. എപ്പോഴും ഞങ്ങളോടൊട്ടി നടപ്പ്. കളിയില്ല. ഭക്ഷണവും കുറവ്.. ആകെ ഒരു മൂകത. ബന്ധങ്ങളുടെ ആഴവും മരണത്തി​െൻറ ഭീകരതയും പൂച്ചകൾക്കും അറിയാമോ ?????

എന്നെ കാത്തിരിക്കുന്ന എ​െൻറ പൊന്നുമക്കളാണ് ഇവർ. ഞാൻ പുറത്തു പോയിട്ട് വരാൻ താമസിച്ചാൽ അഞ്ച് വീടുകൾക്കപ്പുറം ഉള്ള എ​െൻറ തറവാട്ടിൽ ഇവർ അന്വേഷിച്ചെത്തും. 'അവൾ വന്നില്ല. കുറച്ചു നേരം കഴിയും വരാൻ' എന്ന് അമ്മ പറയും. കാത്തിരിപ്പിന് ഒടുവിൽ എ​െൻറ സ്കൂട്ടറി​െൻറ ഒച്ച കേട്ടാൽ എല്ലാവരും ഓടി എത്തും വാല് വളച്ച് സ്നേഹാദരങ്ങൾ പ്രകടിപ്പിച്ച് എ​െൻറ പിള്ളേർ ...

ചിക്കനും മീനും ക്യാറ്റ് ഫുഡും, പാലുമാണ് അവരുടെ ഇഷ്ട ഭക്ഷണങ്ങൾ. അവരുടെ പാത്രങ്ങളിൽ എപ്പോഴും ഭക്ഷണം ഉണ്ടാവും. എ​െൻറ അലമാരിയിലും ഫ്രിഡ്ജിലും ഭക്ഷണ സാധനങ്ങൾ കരുതി വച്ചിട്ടുണ്ടാവും. വയറു നിറയെ ഭക്ഷണം കഴിക്കാതെ അവർ പുറത്തേക്ക്​ ഇറങ്ങാറില്ല.

എല്ലാവർക്കും ഇത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിക്കുമോന്ന് അറിയില്ല. സഹജീവികളോട് സ്നേഹവും,കരുണയും, താത്പര്യവും ഉള്ളവർക്ക് ഇത് ഹൃദയത്തിൽ തറഞ്ഞിട്ടുണ്ടാവും. പത്രവാർത്ത വന്നതിന് ശേഷമുള്ള ഫോൺ കോളുകൾ അതാണ് സൂചിപ്പിക്കുന്നത്. മനുഷ്യഭാഷ വശമില്ലാത്ത പാവം ജീവനുകൾക്ക് വിലയുണ്ടെന്നും, സംരക്ഷിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന, ആഗ്രഹിക്കുന്ന കുറേ നല്ല മനസ്സുകൾ. ആ മനസ്സുകളുടെ എണ്ണം കൂടട്ടെ ...

സ്വഭാവിക മരണവും വിഷമകരമാണ്; എങ്കിലും അംഗീകരിക്കാൻ മനസ്സിനെ ഒരുക്കാൻ ഇത്ര ബുദ്ധിമുട്ടില്ല. അസ്വഭാവികമായി നടക്കുന്ന കുട്ടമരണങ്ങൾ... ഒറ്റ കുഴിയിൽ ഗർഭിണി പൂച്ചയെയും പാല് കൊടുക്കുന്ന അമ്മയെയും അടക്കം ഏറെ പേരെ ഒന്നിച്ച് മറവ് ചെയ്തിട്ട് ഞാനും മകളും ഏറെ കരഞ്ഞിരുന്നു... ഒരിക്കൽ അല്ല; പല തവണ. കഴിഞ്ഞ 8 വർഷങ്ങൾക്കുള്ളിൽ ഏതാണ്ട് മുപ്പതോളം മക്കൾ. 3 പേരെ പോസ്റ്റ് മാർട്ടം ചെയ്ത് തിരിച്ച് എത്തിയ ശേഷം ഇന്നലെ രാവിലെ വീണ്ടും ഒരു കുഞ്ഞി​െൻറ മൃതദേഹം കണ്ടു; വീടിനുള്ളിൽ തന്നെ.

ഇനി വയ്യാ... അധികൃതർ കണ്ണ് തുറന്ന് വേണ്ട നടപടികൾ സ്വീകരിച്ച് ഇനി ഈ അവസ്ഥ മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാനുമുള്ള ഒരു മാറ്റത്തി​െൻറ തുടക്കമായി മാറട്ടെ.

Full View



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.