അമ്പതോളം ചെറുപ്പക്കാർ യു.കെയിലെ മക്ഡൊണാൾഡ്സ് റസ്റ്റോറന്റിൽ ഇരച്ചെത്തി ബർഗറുകളും പാനീയങ്ങളും അപഹരിച്ച് കടന്നുകളഞ്ഞു. പരിഭ്രാന്തരായി ജീവനക്കാർ നോക്കിനിൽക്കെയാണ് കൗമാരപ്രായക്കാർ അടങ്ങിയ സംഘം റസ്റ്റോറന്റ് കൊള്ളയടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
14 നും 16 നും ഇടയിൽ പ്രായമുള്ളവരാണ് സംഘത്തിലേറെയെന്ന് ബി.ബി.സിയുടെ റിപ്പോർട്ടിൽ പറയുന്നു. അവരിൽ 20 ഓളം പേർ ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെ കൗണ്ടറിന് മുകളിലൂടെ ചാടിക്കയറിയും ചിലർ മോഷ്ടിച്ചു, കൂട്ടത്തിലെ ചിലർ സംഭവം ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
നോട്ടിംഗ്ഹാമിലെ ക്ലംബർ സ്ട്രീറ്റിലുള്ള മക്‌ഡൊണാൾഡ് സ്റ്റോറാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, എന്നാൽ സി.സി.ടി.വിയടക്കം പരിശോധിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം ഏറെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും കുട്ടികളുടെ പ്രവർത്തി, മോഷണമായി തന്നെയാണ് പരിഗണിക്കുന്നതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.